ആര് ചിരിക്കും, മോദിയോ രാഹുലോ; ഹരിയാന, ജമ്മു കാശ്മീര്‍ ജനഹിതം അറിയാന്‍ മണിക്കൂറുകള്‍ മാത്രം

കര്‍ഷക പ്രക്ഷോഭം കൊടുമ്പിരി കൊണ്ട ഹരിയാന, ആര്‍ട്ടിക്കിള്‍ 370യില്‍ തിളച്ച് മറിഞ്ഞ ജമ്മു കാശ്മീര്‍. നാളെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണ്ണായകം. നരേന്ദ്ര മോദിയുടെ പ്രഭാവത്തില്‍ മൂന്നാംവട്ടവും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ബിജെപിക്ക് എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കടുപ്പമേറിയതായിരുന്നു. ആദ്യ രണ്ട് മോദി സര്‍ക്കാരുകളും അഭിമുഖീകരിക്കാത്ത പ്രതിപക്ഷ വെല്ലുവിളി ഇത്തവണ മോദി നേരിടുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് മോദിയേയും ബിജെപിയേയും ആക്രമിക്കുന്നതും. ഇതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതും.

രാജ്യം കണ്ട ഐതിഹാസികമായ കര്‍ഷക സമരത്തിന്റെ ഊര്‍ജകേന്ദ്രം ഹരിയാനയായിരുന്നു. ഇപ്പോഴും അതേ വീര്യത്തില്‍ ഹരിയാനയിലെ കര്‍ഷകര്‍ സമരം ചെയ്യുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലും ഹരിയാനയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയത് കാര്‍ഷിക വിഷയങ്ങള്‍ തന്നെയായിരുന്നു. ഗുസ്തിക്കാരുടെ നാടായ ഹരിയാനയില്‍ ഗുസ്തിതാരങ്ങളുടെ സമരവും ചര്‍ച്ചയായിട്ടുണ്ട്. ഒളിംപികിസില്‍ 100ഗ്രാം ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ മത്സരിക്കാന്‍ കഴിയാതെ തിരിച്ചു പോരേണ്ടി വന്ന വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതോടെ ഇത് വലിയ ചര്‍ച്ചയായി. ബിജെപിയാകട്ടെ കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സംസ്ഥാനത്ത് നിലവിലുള്ള ഭരണവിരുദ്ധ വികാരം എത്രത്തോളം മറികടക്കാന്‍ ഈ പ്രചരണങ്ങള്‍ക്ക് സാധിച്ചു എന്നാണ് ഇനി അറിയാനുളളത്.

90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് വലിയ വിജയമാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിച്ചിരിക്കുന്നത്. ജാട്ട്, സിഖ് മേഖലകളിലടക്കം കോണ്‍ഗ്രസ് കുതിച്ചു കയറുമെന്നാണ് എല്ലാ ഏജന്‍സികളും പറഞ്ഞിരിക്കുന്നത്. 55 മുതല്‍ 62 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുമ്പോള്‍ ബിജെപി 18 മുതല്‍ 24 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പ്രവചിക്കുന്നു. ഒറ്റ്ക്ക് മത്സരിക്കുന്ന എഎപിക്ക് ഒരു സാധ്യതയും ഒരു സര്‍വ്വേയും നല്‍കിയിട്ടില്ല.

പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കാശ്മീരില്‍ ജനവിധി ഉണ്ടായിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തില്‍ കോണ്‍ഗ്രസും ബിജെപി തനിച്ചും ജനവിധി തേടുന്നു. സംസ്ഥാന പദവി എന്നതില്‍ ചുറ്റിപ്പറ്റിയായിരുന്നു ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചരണം എല്ലാം നടന്നത്. കോണ്‍ഗ്രസും ബിജെപിയും പൊതുയോഗങ്ങളില്‍ നല്‍കിയതും വലിയ ഉറപ്പുകള്‍. ഇതില്‍ ജനം ഏത് സ്വീകരിച്ചുവെന്നത് നാളെ വോട്ടെണ്ണിയാലെ അറിയാന്‍ കഴിയൂ.

തൂക്ക്‌സഭയെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ചില ഏജന്‍സികള്‍ ഇന്ത്യ സഖ്യത്തിനും ബിജെപിക്ക് ചെറിയ മുന്‍തൂക്കവും പ്രവചിക്കുന്നുണ്ട്. ഇന്ത്യ ടുഡേ സീ വോട്ടര്‍ സര്‍വേ 27 മുതല്‍ 31 സീറ്റ് വരെ ബിജെപിക്ക് നല്‍കുമ്പോള്‍ ഇന്ത്യ സഖ്യം 11 മുതല്‍ 15 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പ്രവചിക്കുന്നു. റിപ്പബ്ലിക് സര്‍വേ ജമ്മു കശ്മീരില്‍ തൂക്കുസഭയ്ക്ക് സാധ്യതയാണ് നല്‍കിയിരിക്കുന്നത്. ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ ഇന്ത്യ സഖ്യത്തിന് ഭരണം എന്നാണ് പറഞ്ഞ
ിരിക്കുന്നത്. ബിജെപി 20 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമ്പോള്‍ എന്‍സി- കോണ്‍ഗ്രസ് സഖ്യം 35 മുതല്‍ 40 വരെ സീറ്റുകളില്‍ വിജയിക്കും. പിഡിപി 4 മുതല്‍ 7 വരെ സീറ്റുകള്‍, മറ്റുള്ളവ 12 മുതല്‍ 16 എന്നിങ്ങനെയാണ് പ്രവചനം. പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോളില്‍ ജമ്മു കശ്മീരില്‍ എന്‍സി – കോണ്‍ഗ്രസ് 46-57, ബിജെപി 23-27 സീറ്റുകള്‍, പിഡിപി 7-11 സീറ്റുകള്‍, മറ്റുള്ളവര്‍ 4-6 എന്നിങ്ങനെയാണ് ഫലങ്ങള്‍.

നാളത്തെ ഫലം മോദിക്കും രാഹുലിനും ഒരുപോലെ നിര്‍ണായകമാണ്. തിരിച്ചടി നേരിട്ടാല്‍ ബിജെപിയിലെ മോദിയുടെ മേധാവിത്വത്തില്‍ ചോദ്യം ഉയരും. രാഹുല്‍ ഗാന്ധി കുറച്ചു കൂടി ശക്തനാവുകയും ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top