19കാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാളിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയത് നിരവധി കൊലകൾ
ഗുജറാത്തിൽ പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നാല് കൊലപാതകങ്ങളും നിരവധി മോഷണങ്ങളുമാണ് പിടിയിലായ ഹരിയാന സ്വദേശി കരംവീർ ജാട്ട് നടത്തിയത്. കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ചാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. ഈ മാസം 14ന് ഉദ്വാഡ റെയിൽവേ സ്റ്റേഷന് സമീപമുള്ള പാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
Also Read: കാമുകിയെ കൊന്നശേഷം മൃതദേഹത്തിനൊപ്പം തങ്ങിയത് രണ്ട് ദിവസം; പ്രതി ആരവ് ഇപ്പോഴും ഒളിവില്‍
റെയിൽവേ സ്റ്റേഷനിലെ സിസിടിവിൽ കുടുങ്ങിയതാണ് പ്രതിക്ക് തിരിച്ചടിയായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് റോഹ്തക് സ്വദേശി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ കുറ്റവാളികളുടെ ദേശീയ ഡാറ്റാബേസുമായി ഒത്തു നോക്കിയപ്പോൾ കവർച്ചക്കേസിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ നിന്ന് ഈ വർഷം ആദ്യം പുറത്തിറങ്ങിയ കരംവീർ ജാട്ടാണ് ഇതെന്ന് പോലീസിന് മനസിലാവുകയായിരുന്നു. ഈ മാസം 24നാണ് ഇയാളെ ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്.
പിടിയിലാവുന്നതിന് ഒരു ദിവസം മുമ്പ് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽവച്ച് ഒരു സ്ത്രീയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ കരംവീർ ജാട്ട് സമ്മതിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെയാണ് കരംവീർ ലക്ഷ്യമിട്ടിരുന്നത്. കുറ്റകൃത്യങ്ങൾക്ക് ശേഷം പ്രതി യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനാൽ ഇയാളെ പിടികൂടാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള കോച്ചിലാണ് ഇയാളുടെ സഞ്ചാരം. പകൽ സമയം മുഴുവൻ ഇയാൾ ഉറക്കത്തിലായിരിക്കുമെന്നും പോലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here