ഉന്നതര്‍ പലരും ജീവനോടുണ്ടോ എന്നുറപ്പില്ല; ഹിസ്ബുള്ളയെ ഹാഷിം സഫീദ്ദീൻ നയിക്കുമോ? തിരിച്ചടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇന്നലെ ബെയ്റൂട്ടിൽ നത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 32 കൊല്ലം സംഘടനയെ നയിച്ച നസ്റല്ലയുടെ മരണം ഹിസ്ബുള്ളയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. 1982ൽ ലെബനനിൽ ഇസ്രയേൽ നടത്തിയ അധിനിവേശത്തിനെ തുടർന്നാണ് സായുധസംഘടന നിലവിൽ വരുന്നത്. 1992 അബ്ബാസ് അൽ മുസാവിയെ ഇസ്രായേൽ സൈന്യം വധിച്ചതിനെത്തുടർന്നാണ് സെക്രട്ടറി ജനറലായി നസ്റല്ല ചുമതലയേറ്റത്. ഇസ്രയേലിനെതിരായ പോരാട്ടത്തിൽ സംഘടനയെ വളരെയധികം മികച്ച രീതിയിൽ നയിക്കാനുമായി.
തെക്കൻ ലെബനനിൽ നിന്നും ഇസ്രയേത് സൈന്യത്തിൻ്റെ പിൻമാറ്റത്തിന് കാരണമായ ഇടപെടൽ നടത്താനും സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ നസ്റല്ലക്കായി. എന്നാൽ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഹിസ്ബുള്ളയെ ഇനി ആര് നയിക്കുമെന്നാണ്. നസ്റല്ലയെപ്പോലെ ലെബനൻ ജനതയും പ്രധാന പിന്തുണക്കാരായ ഇറാനും അംഗീകരിക്കുന്ന ഒരാളെ കണ്ടെത്തുക ഹിസ്ബുളളയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഹാഷിം സഫീദ്ദീൻ പുതിയ തലവനായി എത്തുമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സെക്രട്ടറി ജനറലിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു അദ്ദേഹത്തിൻ്റെ ബന്ധുകൂടിയായ ഹാഷിം. നിലവിൽ ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇയാൾ ഗ്രൂപ്പിൻ്റെ ഉന്നത സമിതിയായ ജിഹാദ് കൗൺസിൽ അംഗമാണ്.
2017 ൽ അമേരിക്ക ഹാഷിമിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർമാരുടെ വധങ്ങള്‍ക്ക് ശേഷം ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്ന് ശപഥം ചെയ്ത വ്യക്തി കൂടിയാണ്. ഇതൊക്കെയാണ് സംഘടനയുടെ നേതൃത്വം ഹാഷിം സഫീദ്ദീൻ ഏറ്റെടുക്കുമെന്ന വിലയിരുത്തലുകൾക്ക് പിന്നിൽ. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ദാഹിയിലെ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ ഗുരുതര പ്രതിസന്ധിയായിരിക്കും ലെബനൻ സായുധ സംഘടനയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ സതേൺ ഫ്രണ്ട് കമാൻഡർ അലി കർക്കി ഉൾപ്പെടെ നിരവധി ഹിസ്ബുള്ള ഉന്നതർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആരൊക്കെ ജീവനോടെയുണ്ട് എന്ന് പോലും പറയാനാവാത്ത അവസ്ഥയിലാണ് നിലവിൽ സംഘടന. ഇസ്രായേൽ നടത്തിയ നിരവധി ആക്രമണങ്ങൾക്ക് ശേഷം ഹിസ്ബുള്ളയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ഹാഷിം സഫീദ്ദീൻ ജീവിച്ചിരിപ്പുണ്ടെന്ന് ഹിസ്ബുള്ള വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തെക്കൻ ബെയ്‌റൂട്ടില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള അവകാശവാദങ്ങളൊന്നും സത്യമല്ലെന്നാണ് സംഘടന പ്രതികരിച്ചിരിക്കുന്നത്. തലവൻ്റെ മരണമടക്കം ഔദ്യോഗികമായി ഹിസ്ബുള്ള ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സഖ്യകക്ഷിയായ ഇറാനും ഇതിനെപ്പറ്റി മിണ്ടിയിട്ടില്ല. ലെബനൻ ആക്രമണത്തിൽ ഇസ്രയേൽ ദുഖിക്കും, പോരാട്ടത്തിൽ ഹിസ്ബുള്ള മുൻനിരയിൽ തന്നെയുണ്ടാവും എന്നാണ് ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ പ്രസ്താവന. ഇതിന് പിന്നാലെ ഖമേനി സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- Hashem Safieddine
- Hezbollah
- Hezbollah air attck in Isreal
- hezbollah and iran
- Hezbollah attack
- Hezbollah Chief Dead
- Hezbollah chief Hassan Nasrallah
- Hezbollah chief Nasrallah
- Hezbollah Commander
- hezbollah iran relations
- hezbollah israel tensions
- Hezbollah leader Hassan Nasrallah
- Hezbollah leader killed
- Hezbollah Responds