കേജ്രിവാൾ നിഷ്കളങ്ക മുഖമുള്ള നുണയനെന്ന് അമിത് ഷാ; ക്ഷേത്രങ്ങൾക്ക് മുന്നിൽ മദ്യശാല തുറന്ന് കോടികൾ തട്ടിയെന്ന് ആരോപണം
ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിഷ്കളങ്കമായ മുഖവും നുണകളുടെ കൂമ്പാരവുമായി കേജ്രിവാൾ ജനങ്ങളെ പറ്റിക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ഷാ കുറ്റപ്പെടുത്തി.
തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇങ്ങനെ ഒരു നുണയനെ കണ്ടിട്ടില്ല. ഇത്തരം പരുഷമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ ത്നിക്ക് ഒരു കുറ്റബോധവുമില്ല. കാരണം നേരിട്ട് ബോധ്യമുള്ള കാര്യങ്ങളാണ് താൻ പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. സ്കൂളുകൾക്കും ക്ഷേത്രങ്ങൾക്കും ഗുരുദ്വാരകൾക്കും സമീപം മദ്യശാലകൾ തുറന്ന് ആയിരക്കണക്കിന് കോടികളുടെ അഴിമതിയാണ് അദ്ദേഹം നടത്തിയതെന്നും കേന്ദ്ര മന്ത്രി ആരോപിച്ച.
അതേസമയം ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുടെ മൂന്നാംഭാഗം ഷാ പ്രകാശനം ചെയ്തു. ഡൽഹിയിലെ ജനങ്ങൾക്ക് 10 ലക്ഷം രൂപ ലൈഫ് ഇൻഷുറൻസായും അഞ്ച് ലക്ഷം രൂപ അപകട ഇൻഷുറൻസായും നൽകുമെന്നതാണ് അവസാനഭാഗത്തിലെ പ്രധാന വാഗ്ദാനം. യുപി, ഹരിയാന സർക്കാരുകളുമായി ചേർന്ന് മഹാഭാരത് ഇടനാഴിക്ക് രൂപം നൽകുമെന്നും പ്രകടനപത്രികയിൽ ബിജെപി പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here