നിങ്ങൾക്ക് ട്രാഫിക് പിഴകളുണ്ടോ… വാഹന ഇൻഷുറൻസ് അടയ്ക്കുമ്പോൾ കേന്ദ്രത്തിന്‍റെ വക പണി കിട്ടാൻ സാധ്യത

വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വാഹനങ്ങൾക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണവുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് ഡൽഹി ലഫ്. ഗവർണർ വികെ സക്സേന. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ് മറ്റ് ട്രാഫിക് നിയമലംഘനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നടത്തിയ ചരിത്രമുള്ള വാഹനങ്ങൾക്ക് ഉയർന്ന പ്രീമിയം നൽകേണ്ടിവരും. പുതിയ പരിഷ്ക്കാരം സുരക്ഷിതമായ ഡ്രൈവിംഗ് രീതികളെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ റോഡുകളിൽ ഉത്തരവാദിത്തമുള്ള ഗതാഗത സംസ്കാരം വളർത്തുകയും ചെയ്യുമെന്ന് സക്സേന ചൂണ്ടിക്കാട്ടി.


ഇൻഡെക്‌സ് ലിങ്ക്ഡ് ഇൻഷുറൻസ് പ്രീമിയങ്ങൾ നടപ്പിലാക്കാനുള്ള അടിയന്തര നടപടിയെടുക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയെ (ഐആർഡിഎഐ) ചുമതലപ്പെടുത്താന്‍ സക്സേന കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ നയം നടപ്പിലാക്കുന്നതിലൂടെ സുരക്ഷിതമായ റോഡുകൾ സൃഷ്ടിക്കുന്നതിനും നിരവധി ജീവൻ രക്ഷിക്കുന്നതിനും സാധിക്കും. ഇതുവഴി വരും തലമുറകൾക്ക് കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന് ഇന്ത്യയ്ക്ക് സുപ്രധാന ചുവടുവയ്പ്പ് നടത്താനാകുമെന്നും കത്തിൽ പറയുന്നു.


ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത് ഡ്രൈവർമാർ അപകട സാധ്യതകൾ സൃഷ്ടിക്കുന്നത് കുറയ്ക്കും. അത് ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും നിലവിലുള്ള ഇത്തരം സംവിധാനം അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയും നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പൊ തിരിക്കാനും കാരണമാകും എന്നും സക്സേന അവകാശപ്പെട്ടു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ കണക്കുകളും അദ്ദേഹം കത്തിൽ പരാമർശിച്ചു. അമിത വേഗതയും, ട്രാഫിക് സിഗ്നലുകൾ ലംഘനവും ക്രമാതീതമായി വർധിക്കുകയാണെന്നാണ് ഡാറ്റാ വെളിവാക്കുന്നത്. ഇത് അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. അതിനാൽ തൻ്റെ നിർദ്ദേശത്തിന് വളരെയധികം പ്രസക്തിയുണ്ടെന്നും സക്സേന പറയുന്നു. 2022ൽ ഇന്ത്യയിൽ 4.37 ലക്ഷം റോഡപകടങ്ങൾ ഉണ്ടായി. ഏകദേശം 1.55 ലക്ഷം പേർ മരണപ്പെട്ടു. 70 ശതമാനം അപകടങ്ങൾക്ക് കാരണം അമിതവേഗതയാണ്. സിഗ്നൽ ലംഘനം മൂലവും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ 2023ൽ നടന്ന അപകടങ്ങളുടെ കണക്കും നിർമല സീതാരാമൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന അപകടങ്ങളിൽപ്പെട്ട വാഹനങ്ങളിൽ 60 ശതമാനവും മുമ്പ് അമിത വേഗത, ട്രാഫിക് സിഗ്നൽ ലംഘനം, മറ്റ് ഗുരുതര ട്രാഫിക് ലംഘനങ്ങൾക്കും പിഴ ചുമത്തിയ വാഹനങ്ങളാണ്. ഒരു വർഷത്തിൽ മൂന്നിൽ കൂടുതൽ ട്രാഫിക് നിയമലംഘനം നടത്തിയ വാഹനങ്ങളാണ് ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവയിൽ ഏറെയെന്നും ലഫ്. ഗവർണർ പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top