സിദ്ധാര്‍ത്ഥന്‍ കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; പ്രായം, വിദ്യാഭ്യാസം എന്നിവ പരിഗണിച്ച് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ച് : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം. സീനിയര്‍ വിദ്യാര്‍ത്ഥികളായ 19 പേരെയാണ് പോലീസ് അറസ്റ്റ്
ചെയ്തിരുന്നത്. ഇവര്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിബിഐയും സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബയും ജാമ്യ ഹര്‍ജിയെ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രതികളുടെ പ്രായം, വിദ്യാഭ്യാസം എന്നിവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഫെബ്രുവരി 17നാണ് വെറ്റിറനറി കോളജിലെ ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദ്ധനവും സിദ്ധാര്‍ത്ഥന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും നേരിടേണ്ടി വന്നു എന്ന വിവരം പിന്നീടാണ് പുറത്തു വന്നത്. ക്രൂരമായ മര്‍ദ്ധനമേറ്റതായും രണ്ടു ദിവസം ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. തുടക്കത്തില്‍ കേസന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിച്ചുവെന്ന് ആരോപണമുയര്‍ന്നു. ഇതതുടര്‍ന്ന് പ്രത്യേക അന്വഷണസംഘം രൂപീകരിച്ച പോലീസ് പ്രാധാന പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം പ്രാഥമിക കുറ്റപത്രവും കോടതിയില്‍ നല്‍കിയിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സിബിഐ അഭിഭാഷകന്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രതിഭാഗം ഇതിനെ എതിര്‍ത്തു. ജാമ്യം തടയാനാണ് ഇത്തരമൊരു കുറ്റപത്രം സമര്‍പ്പിച്ചതെന്നും തങ്ങള്‍ക്ക് കേസ് അട്ടിമറിക്കാന്‍ മാത്രമുള്ള കെല്‍പ്പില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. ഇത്രയും ദിവസങ്ങളായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനവദിക്കണമെന്നും പ്രതികളായ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here