ഇഡി കാര്യപ്രാപ്തി തെളിയിക്കണം; കരുവന്നൂരില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി; അവസാനഘട്ടത്തിലെന്ന് കേന്ദ്ര ഏജന്‍സി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അന്വേഷണം ഇഴയുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കേസന്വേഷണം അനന്തമായി നീളുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം നേരിടുന്ന അലി സാബ്രി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കേന്ദ്ര ഏജന്‍സി കേസില്‍ എന്താണ് ചെയ്യുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇത്തരത്തില്‍ അന്വേഷണം ഇഴയുന്നത് അംഗീകരിക്കാനാവില്ലെന്നും കേസ് പരിഗണിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. നിക്ഷേപകരടക്കം നിരവധി പേരെ ബാധിക്കുന്ന വിഷയമാണിത്. ഇതില്‍ കാര്യപ്രാപ്തി തെളിയിക്കേണ്ടത് അന്വേഷണ ഏജന്‍സിയുടെ ഉത്തരവാദിത്വമാണ്. അതിനാല്‍ അന്വേഷണത്തിന് ഒരു സമയക്രമമുണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസന്വേഷണം അവസാനഘട്ടത്തിലാണെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി.കോടതിയുടെ ഇടപെടലുകള്‍ അന്വേഷണ വേഗം കുറയ്ക്കുന്നുണ്ടെന്നും ഇഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതി ഇടപെടലുണ്ടായി. ഇതുമൂലം അന്വേഷണത്തില്‍ കാലതാമസമുണ്ടായി. എന്നിരുന്നാലും കേസന്വേഷണം നല്ലരീതിയിലാണ് മുന്നോട്ടു പോകുന്നത്. നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇഡി അറിയിച്ചു.
അലി സാബ്രിയുടെ ഹര്‍ജി പരിഗണിക്കരുതെന്നും ഇഡി ആവശ്യപ്പെട്ടു. തട്ടിപ്പില്‍ നേരിട്ട് പങ്കുളള വ്യക്തിയാണ് അലി. ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതായും ഇഡി അറിയിച്ചു. വിചാരണക്കോടതയില്‍ സമര്‍പ്പിച്ച ഈ കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here