സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി; ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം; ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ്റെ സുപ്രധാന വിധി

കൊച്ചി: ‘തൂണിലും തുരുമ്പിലും ദൈവമിരിക്കുമ്പോൾ’ സർക്കാർ ഭൂമി കൈയ്യേറി ദേവാലയങ്ങൾ പണിയുന്നത് തടയണമെന്ന് ഹൈക്കോടതി. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ സ്ഥലത്ത് അനധികൃതമായി നിർമ്മിച്ച ആരാധനാലയങ്ങൾ ആറു മാസത്തിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് സർക്കാരിനോട് നിർദേശിച്ചു.

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്ലാൻ്റേഷൻ കോർപ്പറേഷനാണ് കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സഹായംതേടി ഹൈക്കോടതി സമീപിച്ചത്. തോട്ടങ്ങളിൽ ജോലി ചെയ്യുന്ന വിശ്വാസികളായ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തുടക്കത്തിൽ താൽക്കാലിക അമ്പലങ്ങളും മറ്റ് ആരാധനാ കേന്ദ്രങ്ങളും പണിയാൻ അനുമതി നൽകിയത്. പിന്നീട് തദ്ദേശവാസികൾ ഇവയുടെ ഭരണസമിതിയിൽ കടന്നുകൂടി സർക്കാർ ഭൂമി കൈയേറി വലിയ കെട്ടിങ്ങൾ വരെ നിർമ്മിച്ചു. ഒഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അവകാശങ്ങൾ സ്ഥാപിക്കാനും തുടങ്ങി. ഈ ഘട്ടത്തിലാണ് കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിച്ചത്.

പത്തനംതിട്ട ജില്ലയിൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലാണ് വ്യാപകമായ കൈയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുള്ളത്. ചന്ദപ്പള്ളി, മൊട്ടപ്പാറ, ചന്ദനതടിക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് അനധികൃത നിർമ്മാണങ്ങളും കൈയ്യേറ്റങ്ങളും നടന്നിരിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ സർക്കാർ ഭൂമി കൈയ്യേറുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് വീടുകൾ പണിയാൻ സ്ഥലമില്ലാതെ വിഷമിക്കുന്ന നിരവധി ആൾക്കാരുണ്ട്. പാവപ്പെട്ടവർക്ക് വിടുകൾ നിർമ്മിച്ചു നൽകാൻ സർക്കാരിൻ്റെ പക്കൽ ഭൂമി ഇല്ലാതിരിക്കുമ്പോൾ അനധികൃത ആരാധനാലയങ്ങൾ ഭൂമി കൈയ്യേറുന്നത് അനുവദിക്കാനാവില്ല. ഇത് മതസ്പർദ്ധ പോലും സൃഷ്ടിക്കാനിടയാക്കും. സർക്കാർ ഭൂമിയിൽ ഒരു മതവിഭാഗത്തിന് ഭൂമി നൽകിയാൽ മറ്റ് മതവിഭാഗങ്ങളും സമാന ആവശ്യങ്ങളുമായി സർക്കാരിനെ സമീപിക്കും. ക്രമസമാധാന പ്രശ്നങ്ങൾക്ക് പോലും ഇടയാക്കിയേക്കാം. അതുകൊണ്ട് തന്നെ ഒരു കാരണവശാലും സർക്കാരിൻ്റെ ഭൂമിയിൽ ആരാധനാലയങ്ങൾ നിർമ്മിക്കാൻ അനുവദിക്കരുത്, എല്ലാം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഏതെങ്കിലും മതവിഭാഗങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ വിശദമായ അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്‌ നിർദ്ദേശം എല്ലാ ജില്ലാ കലക്ടർമാർക്കും നൽകണം. ഇത്തരം അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തിയാൽ ജില്ലാ ഭരണകൂടം ആറ് മാസത്തിനുള്ളിൽ പൊളിച്ചു മാറ്റണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top