കലാമണ്ഡലം സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; ജാതി അധിക്ഷേപം നടത്തിയ കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം
കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. സത്യഭാമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടു.
കീഴടങ്ങുന്ന ദിവസം തന്നെ സത്യഭാമയുടെ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതി സത്യഭാമയുടെ മുന്‍കൂര്‍ജാമ്യം തള്ളിയിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സത്യഭാമ മുന്‍കൂര്‍ജാമ്യം തേടിയത്.
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെതിരെ പേര് പറയാതെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയാട്ടം കളിക്കുന്നത് പുരുഷന്‍മാരാണെങ്കില്‍ സൗന്ദര്യമുള്ളവരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. രാമകൃഷ്ണന്റെ പരാതിയിടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here