കൈക്കൂലി കേസിൽ ഹെഡ്മാസ്റ്റർ പിടിയിൽ; വീഡിയോ പുറത്ത്

കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്മാസ്റ്റർ പിടിയിൽ. കോട്ടയം സി.എൻ.ഐ എൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ സാം പി ജോണാണ് വിജിലൻസിന്റെ പിടിയിലായത്.

10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ കോട്ടയത്ത് ഹെഡ്മാസ്റ്റർ പിടിയിലായി. കോട്ടയം ചാലുകുന്ന് സി.എൻ.ഐ. എൽ.പി. സ്കൂളിലെ പ്രധാനാധ്യാപകൻ സാം പി.ജോണിനെയാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. കോട്ടയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മോഹനദാസിന് നൽകാനായാണ് സ്കൂളിലെ അധ്യാപികയിൽ നിന്ന് തുക വാങ്ങിയത്. വിജിലൻസ് കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി. വി.ആർ.രവികുമാറിന്റെ നേതൃത്വത്തിലുള്ള ഇൻസ്‌പെക്ടർമാരായ മഹേഷ് പിള്ള ബി, അൻസൽ എ എസ്, രമേശ് ജി, പ്രദീപ് എസ് എന്നിവരുൾപ്പെട്ട സംഘമാണ് ഹെഡ്മാസ്റ്ററെ പിടികൂടിയത്. കോട്ടയം സ്വദേശിനിയായ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്താണ് എ.ഇ.ഒയ്ക്ക് വേണ്ടി ഹെഡ്മാസ്റ്റർ 10,000 രൂപ വാങ്ങിയത്.

എ.ഇ.ഒ. മോഹനദാസ് മുൻപും സമാനമായ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുൻപേ നിരീക്ഷണത്തിൽ ആയിരുന്നുവെന്ന് വിജിലൻസ് പറയുന്നു. അദ്ധ്യാപികയുടെ പരാതി വന്നതോടെ പിടികൂടാൻ നടപടി തുടങ്ങി. വിജിലൻസ് നൽകിയ ഫിനോഫ്തലീൻ പൗഡർ പുരട്ടിയ 10,000 രൂപയുടെ നോട്ടുകളാണ് പരാതിക്കാരി ഹെഡ്മാസ്റ്റർക്ക് കൈമാറിയത്. ഇത് കണ്ടെടുത്ത വിജിലൻസ് അധ്യാപകനെ സ്കൂളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സബ്- ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, പ്രദീപ് പി എൻ, ജെയ്‌മോൻ വി എം, സാബു വി റ്റി, അനിൽ കുമാർ എം ആർ,സോമനാഥൻ ജി തുടങ്ങിയവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.

Logo
X
Top