മലപ്പുറം നിപ മുക്തം; ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കിയതോടെ പ്രഖ്യാപനം
ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡായ 42 ദിവസം കഴിഞ്ഞതോടെയാണ് മലപ്പുറത്ത് നിപ മുക്തമായതായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. രോഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും ഇതോടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.
മലപ്പുറത്ത് നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ദിവസവും അവലോകന യോഗങ്ങള്‍ ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചത്. രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ നിപ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് 25 കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്ടാക്ട് ട്രേയ്‌സിംഗ് ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്തു. അടിയന്തരമായി നിപ സമ്പര്‍ക്ക പട്ടിക തയാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകളും പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.
മഞ്ചേരി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങി. പൂര്‍ണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കുകയാണ് ചെയ്തത്. മേഖലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി പനി സര്‍വേയും നടത്തി.
ജൂലൈ 21നാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചത്. കേരളത്തിലെ 24-ാമത്തെ നിപ്പ മരണമായിരുന്നു ഇത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here