പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം; കണ്‍ട്രോള്‍ റൂം തുറന്നു; അതീവജാഗ്രത വേണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. കടുത്ത വേനലില്‍ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. പ്രധാന ആശുപത്രികളില്‍ ഫീവര്‍ ക്ലിനിക് ഉറപ്പാക്കണം. ആര്‍ആര്‍ടി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആര്‍ആര്‍ടി ഇന്ന് യോഗം ചേര്‍ന്ന് പൊതുസ്ഥിതി അവലോകനം ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ), ജലജന്യ രോഗങ്ങള്‍ എന്നിവയില്‍ അതീവശ്രദ്ധ വേണം. പൊതുജനാരോഗ്യ നിയമ പ്രകാരം മെഡിക്കല്‍ ഓഫീസര്‍മാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കണം. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം.
മഴക്കാലമായതിനാല്‍ ഡെങ്കിപ്പനിയ്ക്കെതിരെയും എലിപ്പനിയ്ക്കെതിരെയും ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുടിവെള്ള സ്രോതസുകള്‍ ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം. മലിന ജലത്തിലോ മലിനജലം കലര്‍ന്ന മഴവെള്ളത്തിലോ ഇറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മണ്ണുമായി ഇടപെട്ടവരില്‍ എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചെടിച്ചട്ടികളില്‍ മണ്ണ് ഇട്ടവര്‍ പോലും ഡോക്സിസൈക്ലിന്‍ കഴിക്കണം. പനിയുള്ളവര്‍ വിശ്രമിക്കണം. ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവ് മാസ്‌ക് ധരിക്കുക. ജലദോഷം, ചുമ എന്നിവ ബാധിച്ചവര്‍ മാസ്‌ക് ധരിക്കണം. തുടങ്ഹിയ നിര്‍ദേശങ്ങള്‍ ആര്‍ആര്‍ടി പുറപ്പെടുവിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top