എംപോക്സ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം; എസ്ഒപി പാലിക്കണമെന്നും നിർദേശം

എംപോക്‌സ് വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്.

രാജ്യത്ത് ആദ്യമായി എംപോക്‌സ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. 2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സമയത്ത് സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ (എസ്ഒപി)പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും എസ്ഒപി കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും

വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗിയെ ആംബുലന്‍സില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ ഗൗണ്‍, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഇതോടൊപ്പം രോഗിയെ എത്തിക്കുന്ന ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മാര്‍ജനം ചെയ്യണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top