കളമശേരി സ്‌ഫോടനം : പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങ്, ചികിത്സാ പുരോഗതി വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: കളമശേരിയില്‍ സ്‌ഫോടന സമയത്ത് പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ ആരോഗ്യ വകുപ്പ്. സ്‌ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളിലില്‍ നിന്നുള്ളവരാണ് യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തവരില്‍ അധികവും. ഇവര്‍ക്ക് മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നത്. നിസാര പരിക്കേറ്റവര്‍ക്കും മറ്റുള്ളവര്‍ക്കും ഫോണ്‍ വഴി മാനസിക പിന്തുണ നല്‍കും. അതില്‍ മാനസിക ബുദ്ധിമുട്ട് കൂടുതലുള്ളവര്‍ക്ക് നേരിട്ടുള്ള സേവനവും ഉറപ്പാക്കും. ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് അതത് ആശുപത്രികളുടെ പിന്തുണയോടെയാകും ഇത് നടപ്പാക്കുക. കൂടാതെ മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് ടെലിമനസ് 14416 എന്ന നമ്പരിലും വിളിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ സ്വകാര്യ മാനസികാരോഗ്യ വിദഗ്ധരുടേയും സംഘടനകളുടേയും പിന്തുണ തേടാനും തീരുമാനമായിട്ടുണ്ട്.
പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ സെക്കന്ററിതല ചികിത്സ, മാനസിക പിന്തുണ ഉറപ്പാക്കല്‍, നിലവിലെ സ്ഥിതി എന്നിവ ഉന്നതതല യോഗം അവലോകനം ചെയ്തു. പരിക്കേറ്റ് 53 പേരാണ് ചികിത്സ തേടിയെത്തിയത്. 21 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട. . അതില്‍ 16 പേരാണ് ഐസിയുവിലുള്ളത്. കളമശേരി മെഡിക്കല്‍ കോളേജ് 3, രാജഗിരി 4, എറണാകുളം മെഡിക്കല്‍ സെന്റര്‍ 4, സണ്‍റൈസ് ആശുപത്രി 2, ആസ്റ്റര്‍ മെഡിസിറ്റി 2, കോട്ടയം മെഡിക്കല്‍ കോളേജ് 1 എന്നിങ്ങനെയാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള 3 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. അവര്‍ക്ക് പരമാവധി ചികിത്സ നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ്ലൈന്‍ ഈ ആഴ്ച കൂടി പ്രവര്‍ത്തിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here