പണം വാങ്ങിയത് ബാസിതും ലെനിനും; അഖില്‍ മാത്യുവിനെയല്ല തന്നെയാണ് ഹരിദാസന്‍ ഫോണില്‍ വിളിച്ചത്; നിയമനക്കോഴയില്‍ പ്രതികരണവുമായി അഖില്‍ സജീവ്‌

തിരുവനന്തപുരം: നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസ് കോഴ വാങ്ങിയെന്ന ആരോപണം പുകയുമ്പോള്‍ വെളിപ്പെടുത്തലുമായി ഇടപാടില്‍ ഉള്‍പ്പെട്ട അഖില്‍ സജീവ്‌ രംഗത്ത്. നിയമനത്തില്‍ താന്‍ കോഴ വാങ്ങിയിട്ടില്ലെന്നും പരാതിക്കാരനായ ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ഇപ്പോള്‍ ഒളിവിലുള്ള അഖില്‍ സജീവിന്റെ വെളിപ്പെടുത്തല്‍.

മന്ത്രിയുടെ ഓഫീസിലുള്ള അഖില്‍ മാത്യു കോഴ വാങ്ങിയിട്ടില്ലെന്നും അഖില്‍ മാത്യു എന്ന രീതിയില്‍ ഹരിദാസന്‍ തന്നോടാണ് സംസാരിച്ചതെന്നുമാണ് അഖില്‍ സജീവിന്റെ വെളിപ്പെടുത്തല്‍. നിയമനത്തില്‍ ഇടപെട്ടത് എഐഎസ്എഫ് നേതാവ് ബാസിതും കോഴിക്കോടെ അഭിഭാഷകന്‍ ലെനിനുമാണെന്നാണ് അഖില്‍ സജീവ്‌ പറഞ്ഞത്. ഏഷ്യാനെറ്റ്‌ ന്യൂസാണ് അഖില്‍ സജീവിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്.

ഹരിദാസന്‍ അയച്ചുവെന്ന് പറയുന്ന 25000 രൂപ ലെനിന്‍ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് തിരിച്ചയച്ചുവെന്നും അഖില്‍ സജീവ്‌ പറയുന്നു. ‘ആരോപണം തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ലെനിന്‍ എകെജി സെന്‍ററില്‍ ജോലി ചെയ്തിട്ടുണ്ട്. ഇത് നിസാരമായ കര്യമാണെന്ന് പറഞ്ഞ് ലെനിന്‍ തന്നെയാണ് ഹരിദാസനെ കണ്ടത്. ഹരിദാസന്‍ വേറെ 50000 രൂപ കൂടി നല്‍കിയിട്ടുണ്ട്. അതും ലെനിനാണ് നല്‍കിയത്. പതിനായിരം രൂപ ബാസിത് വാങ്ങി എന്നാണ് ലെനിന്‍ പറഞ്ഞത്.

ബാസിതും ഹരിദാസുമായി നല്ല ബന്ധമാണുള്ളത്. വിഷയം ഇങ്ങനെയാക്കിയത് ബാസിതാണ്. ഞാനും അഖില്‍ മാത്യുവും ബന്ധപ്പെട്ടിട്ടില്ല. ഹരിദാസനുമായി വാട്സ് അപ്പിലാണ് ഞാന്‍ സംസാരിക്കുന്നത്. ജോലി വാങ്ങികൊടുക്കുന്ന കാര്യമൊന്നും ഹരിദാസനുമായി സംസാരിച്ചിട്ടില്ല. ലെനിന്‍ അഖില്‍ എന്ന് പറഞ്ഞ് ഹരിദാസന് കൊടുത്തത് എന്റെ നമ്പറാണ്. അഖില്‍ എന്ന് പറഞ്ഞ് ഹരിദാസന്‍ സംസാരിച്ചത് എന്നോടാണ്. അഖില്‍ മാത്യു എങ്ങനെ വന്നു എന്ന കാര്യത്തില്‍ എനിക്ക് ഒരു പിടുത്തവുമില്ല’-അഖില്‍ സജീവ്‌ പറയുന്നു.

‘ഹരിദാസന്‍ 25000 രൂപ ഗൂഗിള്‍ പേ വഴി എനിക്ക് അയച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. ഈ പണം ലെനിന്‍ പറഞ്ഞത് പ്രകാരം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് അഖില്‍ സജീവ്‌ പറഞ്ഞത്. 50000 രൂപ അഖില്‍ സജീവിന് കൈമാറി എന്ന് ഹരിദാസന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ തുകയും ലെനിനാണ് വാങ്ങിയത് എന്നാണ് അഖില്‍ സജീവ്‌ പറഞ്ഞത്. ആയുഷ് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് അപേക്ഷിച്ചപ്പോള്‍ മരുമകള്‍ അപേക്ഷിച്ചപ്പോള്‍ അഖില്‍ സജീവ്‌ ഇങ്ങോട്ട് ബന്ധപ്പെട്ടു എന്നാണ് ഹരിദാസന്‍ പരാതിയില്‍ പറയുന്നത്. ഇത് അഖില്‍ നിഷേധിക്കുന്നുമുണ്ട്.

അഖില്‍ മാത്യുവിന് പണം നല്‍കി എന്ന് പറയുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് വിശദീകരിക്കുന്നത്. ഹരിദാസ് പണം നല്‍കി എന്ന് പറഞ്ഞ ദിവസം അഖില്‍ മാത്യു ലീവായിരുന്നുവെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു. എന്നാല്‍ ഹരിദാസന്‍ നല്‍കിയ പരാതി ഇതുവരെ പോലീസിനു കൈമാറിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഓഗസ്റ്റില്‍ തന്നെ മന്ത്രിയുടെ പിഎസിനെ കണ്ട് ഈ അഴിമതിക്കാര്യം അറിയിച്ചിരുന്നുവെന്നാണ് ബാസിത് പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top