‘ചാത്തൻ’ പ്രയോഗത്തിന് വീണാ ജോർജിൻ്റെ മറുപടി; ആരോഗ്യ മന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കേണ്ടെന്ന് സതീശൻ്റെ തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിതരണം നടത്തുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളെ ‘ചാത്തൻ’ മരുന്നെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആരോഗ്യ മന്ത്രി വിണാ ജോർജിൻ്റെ മറുപടി. പ്രതിപക്ഷ നേതാവിന്റെ രീതിയിലുള്ള പ്രതികരണമല്ല വി.ഡി.സതീശൻ നടത്തുന്നതെന്നും കാലഹരണപ്പെട്ട മരുന്നുകൾ രോഗികൾക്ക് ആശുപത്രികൾ നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് ആരോഗ്യ മന്ത്രി ക്ലാസ് എടുക്കേണ്ടെന്ന് ഇന്ന് വി.ഡി. സതീശനും തിരിച്ചടിച്ചു. പ്രതിപക്ഷം ഇനിയും ആരോപണങ്ങൾ ഉന്നയിക്കും. അതിന് മാന്തിയിൽ നിന്നും കൃത്യമായ മറുപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിയുടെ കാലത്ത് നടന്ന കൊള്ളയേക്കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകായുക്തയിൽ കേസും തുടരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് അതിനേക്കാൾ ഞെട്ടിക്കുന്ന വിവരങ്ങളാണ്. 26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു. വിതരണംചെയ്യാൻ പാടില്ലെന്ന് പറഞ്ഞ മരുന്ന് 483 ആശുപത്രികളിൽ കൊടുത്തു. സ്റ്റോപ്പ് മെമ്മോ വെച്ച മരുന്നുകൾ 148 ആശുപത്രികളിൽ കൊടുത്തു. ഇതാണ് സി ആന്റ് എ.ജി.യുടെ കണ്ടെത്തൽ. ഇക്കാര്യം പ്രതിപക്ഷം ചോദിക്കേണ്ട എന്നാണോ ആരോഗ്യ മന്ത്രി പറയുന്നതെന്നും സതീശൻ ചോദിച്ചു.

പ്രതിപക്ഷ ആരോപണത്തിന് മന്ത്രി പറഞ്ഞ മറുപടി അതിനെക്കാൾ വലിയ തമാശയാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ യുഡിഎഫിന്റെ കാലത്തേതാണെന്ന് പരിശോധിക്കണമെന്നാണ് മന്ത്രി പറയുന്നത്. യുഡിഎഫ് അധികാരത്തിൽനിന്ന് പോയിട്ട് എഴ് കൊല്ലമായില്ലേ. കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ കൈയിൽവന്നാൽ അതേ കമ്പനിക്ക് തിരിച്ചുകൊടുത്ത് അവരിൽനിന്ന് കാശും പിഴയും വാങ്ങുകയാണ് ചെയ്യേണ്ടത്. ഇനി ഒരുപക്ഷേ യുഡിഎഫിന്റെ കാലത്ത് കാലാവധി കഴിഞ്ഞ മരുന്ന് കിട്ടിയെന്ന് തന്നെ സങ്കൽപ്പിക്കുക. ഏഴ് കൊല്ലമായിട്ട് ഇത് ആ കമ്പനിക്ക് തിരിച്ചുകൊടുക്കാതെ പണവും പിഴയും വാങ്ങിക്കാതെ കൈയിൽ വെച്ചിരിക്കുകയായിരുന്നോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് .മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. ഗുണനിലവാരത്തില്‍ ഗുരുതരുമായ അലംബാവമാണ് കാണിച്ചിരിക്കുന്നത്. 46 മരുന്നുകള്‍ക്ക് ഒരു ഗുണനിലവാരവും പരിശോധിച്ചില്ല. 14 വിതരണക്കാരുടെ ഒറ്റമരുന്നുപോലും പരിശോധിച്ചില്ല. ഏത് ചാത്തന്‍ മരുന്നും നല്‍കുന്ന രീതിയാണ് ഇവിടെ ഉണ്ടായതെന്നും സിഎജി റിപ്പോർട്ടിൽ അന്വേഷണം നടത്തണമെന്നും ചൊവ്വാഴ്ച സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top