മുഴുവന്‍ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിലെന്നു വീണ ജോര്‍ജ്; മുന്‍ കരുതലുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, വയനാട്, മലപ്പുറം തുടങ്ങിയ സമീപ ജില്ലകളിലും ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
13-ാം തീയതി ഒരു പോസറ്റീവ് കേസ് കൂടി സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് വരെ 706 ഓളം പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവരില്‍ 76 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. രോഗ ലക്ഷണമുള്ള 35 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 22 പേരുടെ പരിശോധനാഫലമാണ് വന്നിട്ടുള്ളത്. 4 പേരുടെ റിസള്‍ട്ടാണ് ഇതില്‍ പോസറ്റീവ് ആയിട്ടുള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ 14 പേരാണ് ഐസൊലേഷനിലുള്ളത്. നിപ്പ രോഗപ്രതിരോധത്തിനും നിപ്പ രോഗ ചികില്‍യ്ക്കുമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
രോഗനിര്‍ണയത്തിനായി കോഴിക്കോടുള്ള മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി ലാബിലും, തോന്നക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലാബിലും തുടര്‍ന്നും പരിശോധന നടത്തും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട് എന്നുള്ളതാണ് കണക്കാക്കപ്പെടുന്നത്. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്.
നിപ്പ രോഗപ്രതിരോധ മുന്‍കരുതലുകള്‍ ഇങ്ങനെ:
· നിപ്പ സംശയിക്കുന്ന രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കാഷ്വാലിറ്റി, ട്രയാജ്, ഐസൊലേഷന്‍ വാര്‍ഡ്, ഐസിയു തുടങ്ങിയിടങ്ങളിലെല്ലാം തന്നെ പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്‌സ് (PPE), എന്‍ 95 മാസ്‌ക് എന്നിവ ഉപയോഗിച്ചുകൊണ്ട് മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ.
· സംസ്ഥാന സര്‍ക്കാരിന്റെ നിപ്പ ചികില്‍സാ പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും പാലിക്കേണ്ടതാണ്.
· കോഴിക്കോട് ജില്ലയില്‍ നിര്‍ബന്ധമായും പൊതുജനങ്ങള്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കേണ്ടതാണ്.
· പനി, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
· കോഴിക്കോട് ജില്ലയില്‍ റൂട്ട്മാപ്പ് ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരം അറിയിക്കുന്നതിനായി നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
· കേരളത്തില്‍ നാളിതുവരെ വവ്വാലുകളില്‍ നിന്നല്ലാതെ മറ്റു സസ്തനികളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നല്ലവണ്ണം വേവിച്ച ഇറച്ചി കഴിക്കുന്നതിന് തടസ്സവുമില്ല.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ രോഗപ്രതിരോധത്തിന് സഹായിക്കും
പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചികിത്സ തേടുക.
നിലത്ത് വീണ് കിടക്കുന്നതും, പക്ഷിമൃഗാദികള്‍ കടിച്ചതുമായ പഴങ്ങളോ, അടയ്ക്കയോ ഉപയോഗിക്കരുത്.
വൗവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍ നിന്നും ലഭിക്കുന്ന തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും ഉപയോഗത്തിന് മുമ്പേ നന്നായി കഴുകുക.
കിണറുകള്‍ തുടങ്ങിയ ജല സ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം മൂത്രം മറ്റ് ശരീര സ്രവങ്ങള്‍ വിഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here