‘കുഞ്ഞുമക്കളോട് ദുരന്തത്തെക്കുറിച്ച് ചോദിക്കരുതേ…’; മാധ്യമങ്ങളോട് ആരോഗ്യമന്ത്രിയുടെ അഭ്യർത്ഥന
സജീവ മാധ്യമപ്രവർത്തനം വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തിയ വീണ ജോർജ് എംഎൽഎ ആയതും മന്ത്രിസ്ഥാനത്തേക്ക് എത്തിയതുമെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു. എന്നാൽ അതിന് ശേഷം മാധ്യമങ്ങളുമായി പഴയതുപോലെ അടുപ്പം പുലർത്താൻ വീണക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി വാർത്തകളുടെ പേരിൽ കൊമ്പുകോർക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ ഏത് ആശയവിനിമയവും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ നേരിട്ട് സംബോധന ചെയ്തുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണ് ആരോഗ്യമന്ത്രിയുടേതായി ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത്.
ദുരന്തസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന ചാനലുകളടക്കം മാധ്യമങ്ങൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് മന്ത്രിയെന്ന നിലയിൽ വീണ ജോർജ് ഓർമിപ്പിക്കുന്നത്. ദുരിതാശ്വാസ ക്യാംപിലും മറ്റും കഴിയുന്ന കുഞ്ഞുങ്ങളെ സമീപിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടതെന്ന നിലയിൽ മന്ത്രി ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം പ്രസക്തമാണ്. ദുരന്തത്തെ അതിജീവിച്ച കുട്ടികളോട് അവയെക്കുറിച്ച് വീണ്ടും ചോദിച്ച് വേദനിക്കുന്ന കാര്യങ്ങൾ ഓർമിപ്പിക്കാതിരിക്കുക. ദുരന്തത്തിൽ മരിച്ചുപോയ സഹപാഠികളെക്കുറിച്ചോ തകർന്ന സ്കൂളിനെക്കുറിച്ചോ ചോദിക്കാതിരിക്കുക…. തുടങ്ങി, കുട്ടികളുടെ വീഡിയോ ചിത്രീകരിക്കും മുൻപ് മാതാപിതാക്കളുടെ അനുവാദം വാങ്ങുക എന്നിങ്ങനെ സുപ്രധാന നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ദുരന്തത്തെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുട്ടികളടക്കം ഉള്ളവരോട് ഇത്തരം കാര്യങ്ങൾ മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിരുന്നു. ഇക്കാര്യങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇനിയവ ഒഴിവാക്കാനുള്ള അഭ്യർത്ഥന. പൊതുവിൽ മാധ്യമങ്ങൾ അഭിനന്ദനാർഹമായ നിലയിലാണ് വയനാട്ടിൽ നിന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന മുഖവുരയോടെയാണ് ആരോഗ്യമന്ത്രിയുടെ കുറിപ്പ്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ.
- ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക. (കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും അവരുടെ മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാം)
- മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിയ്ക്കാതിരിക്കുക.
- കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക.
- ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക. ചിലപ്പോള്‍ അവര്‍ അതറിഞ്ഞിട്ടുണ്ടാകില്ല. ഇങ്ങനെയറിയുന്നത് അവരെ കൂടുതല്‍ സങ്കീര്‍ണാവസ്ഥകളിലേക്ക് എത്തിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here