‘ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല, സർക്കാർ തിരിഞ്ഞു നോക്കുന്നില്ല’; ഗുജറാത്ത് വെള്ളപ്പൊക്ക ദുരിതബാധിതരുടെ ഹൃദയഭേദകമായ വാക്കുകൾ

ഗുജറാത്തിൽ കഴിഞ്ഞ് മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തി‌ൽ സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി വ്യാപകം. ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകളായി, അധികൃതർ ആരും ദുരിതാശ്വാസ പ്രവർത്തനവുമായി ഇതുവരെ എത്തിയില്ലെന്നും ദുരിതം അനുഭവിക്കുന്നവർ എൻഡിടിവിയോട് പറഞ്ഞു. രാത്രിയും പകലും ഉറങ്ങാതെ അധികൃതരുടെ വരവും കാത്തിരിക്കുകയാണ് എന്നാണ് ദുരിതബാധിതരുടെ വാക്കുകൾ. ഭക്ഷണം അടക്കമുള്ളവ അധികൃതർ എത്തിച്ച് കൊടുക്കുന്നില്ലെന്നും പലയിടങ്ങളിലും രക്ഷാപ്രവർത്തകർ പോലും എത്തിയിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.

‘ഞങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല. ഭക്ഷണം കഴിച്ചില്ല. ദുരിതാശ്വാസ സാമഗ്രികൾ തരാൻ ഇതുവഴി ആരും വന്നില്ല. അച്ഛന് നടക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം രാത്രിയിലും അധികൃതർ വരുമെന്ന പ്രതീക്ഷയിൽ ഉറങ്ങാതെ വിശന്ന് വലഞ്ഞ് വരാന്തയിൽ തന്നെ ഇരുന്നു’ – വഡോദരയിലെ വെള്ളപ്പൊക്കത്താൽ ചുറ്റപ്പെട്ട വീടിൻ്റെ വരാന്തയിലിരുന്ന് ഒരു യുവതി ദേശീയ മാധ്യമത്തോട് പറഞ്ഞു.

മുട്ടോളം വെള്ളത്തിൽ നിന്നുകൊണ്ടുള്ള തേജൽ എന്ന സ്ത്രീയുടെ വാക്കുകളും ഹൃദയഭേദകമാണ്. ‘ഞങ്ങൾ കഴിഞ്ഞ ദിവസം രാത്രിമുതൽ ഇവിടെ ഇരിക്കുകയാണ്. ഒന്നും കഴിച്ചിട്ടില്ല എനിക്ക് മൂന്ന് ചെറിയ കുട്ടികളുണ്ട്. ഭക്ഷണം കഴിക്കാൻ നിവൃത്തി ഇല്ലാത്തതിനാൽ അവരെ എൻ്റെ അമ്മയുടെ വീട്ടിലേക്ക് അയയ്‌ക്കേണ്ടി വന്നു. കഴിക്കാൻ കൊടുക്കാൻ ഒന്നുമില്ല. ഞങ്ങൾ എന്തുചെയ്യണം. ഒരു അമ്മ എന്ന നിലയിൽ എനിക്ക് വളരെയധികം വിഷമം തോന്നുന്നു.’- കരഞ്ഞുകൊണ്ട് അവർ പറഞ്ഞു.

വഡോദരയിൽ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും പല പ്രദേശങ്ങളും ഇപ്പോഴും 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണെന്നും മറ്റ് ചില സ്ഥലങ്ങിൽ നാലോ അഞ്ചോ അടി വെള്ളമുണ്ടെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. ഒറ്റപ്പെട്ടുപോയ 1,200 ഓളം ആളുകളെ രക്ഷപ്പെടുത്തിയതായും അയ്യായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. 38,000 ഭക്ഷപ്പൊതികൾ വെള്ളപ്പൊക്ക മേഖലയിൽ വിതരണം ചെയ്തിട്ടുണ്ടെന്നും ഒരു ലക്ഷം പാക്കറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കിയിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിൻ്റെ സഹായം തേടിയിട്ടുണ്ടന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ സർക്കാരിന്റെ ഔദോഗിക കണക്കുകൾ പ്രകാരം 15 പേർ മരിച്ചു. 23,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വഡോദരയിൽ നിന്ന് മാത്രം 8361 പേരെയാണ് ഒഴിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top