പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്; ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് കടക്കും; സൂര്യാഘാതത്തിനും സൂര്യതാപത്തിനും സാധ്യത കൂടുതല്‍

തിരുവനന്തപുരം : പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്. താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലെ ചൂട് കൂടാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി തന്നെ ഉയര്‍ന്ന് ചൂട് അനുഭവപ്പെടും. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ്, കണ്ണൂര്‍, കോഴിക്കോട 38 ഡിഗ്രി സെല്‍ഷ്യസ് , ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് 37 ഡിഗ്രി സെല്‍ഷ്യസ്, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നാണ് മുന്നറിയിപ്പ്.

പൊതുജനങ്ങളും ഭരണ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.

*പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

*ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

*ധാരാളമായി വെള്ളം കുടിക്കുക.

*അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

*കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

*നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

*വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

*കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

*എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

*പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top