എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് ആറ് വരെ അടച്ചിടണം; ജോലി സമയം ക്രമീകരിക്കണം; ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത മുന്‍നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം. മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം നിര്‍ദേശം നല്കി.
പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. ആസ്ബെസ്റ്റോസ്, ടിന് ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങള്‍/പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധമായും നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ യോഗത്തില്‍ വിശദീകരിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here