രണ്ട് ജില്ലകളില്‍ ഇന്നും ഉഷ്ണതരംഗ സാധ്യത; വരും ദിവസങ്ങളിലും കൊടും ചൂട് തുടരും; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. രണ്ട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരും.

സംസ്ഥാന വ്യപകമായി മെയ് ഏഴുവരെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ 3 മണിവരെ ഒഴിവാക്കി. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. ആസ്ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ താഴെപറയുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

-പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

-ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

-ധാരാളമായി വെള്ളം കുടിക്കുക.

-അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

-കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

-നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

-വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

-മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

-തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക.

-വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

-കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top