യുഎഇയില്‍ കനത്ത മഴ; 5 കൊച്ചി- ദുബായ് സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതര്‍
കൊച്ചി: കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള അഞ്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ കനത്ത മഴയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. വിമാനത്താവള ടെര്‍മിനലുകളില്‍ വെള്ളം കയറിയതോടെയാണ് ഇത്. ദുബായില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ദോഹയിലേക്കുള്ള വിമാന സര്‍വീസും റദ്ദാക്കിയ പട്ടികയില്‍ ഉണ്ട്. മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചു. ദുബായിലെ കാലാവസ്ഥ കണക്കിലെടുത്ത് ഇനിയും വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കാന്‍ സാധ്യതയുണ്ട്.
ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും ഇന്‍ഡിഗോയുടെയും കൊച്ചി – ദുബായ് സർവീസുകള്‍, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ് എന്നിവയാണ് നിലവില്‍ നിര്‍ത്തലാക്കിയത്. മുന്നറിയിപ്പ് ഇല്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
അതേസമയം 75 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്. അൽഐനിലെ ഖതം അശ്ശക് ലയിൽ മാത്രം 24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. റോഡുകളില്‍ വെള്ളപ്പൊക്കമുണ്ടായി. വെള്ളം കെട്ടിക്കെടുക്കുന്നതിനാല്‍ ദുബായ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മഴയുടെ ശക്തി കുറഞ്ഞതിനാല്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതിനാല്‍ ഓണ്‍ലൈന്‍ വഴി പരാതികള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here