ചെന്നൈ മഴക്കെടുതിയില്‍ രണ്ട് മരണം; വിമാനത്താവളം അടച്ചു, ട്രെയിനുകള്‍ റദ്ദാക്കി, നഗരത്തില്‍ മുതല ഇറങ്ങി

ചെന്നൈ: മിഷോങ്ങ് ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാട്ടില്‍ ശക്തമായ നാശം വിതയ്ക്കുന്നു. മഴക്കെടുതിയില്‍ രണ്ടുപേരാണ് മരിച്ചത്. ചെന്നൈ ഈസ്റ്റ് കോസ്റ്റല്‍ റോഡിലെ കനത്തൂര്‍ ഭാഗത്തെ മതില്‍ തകര്‍ന്നാണ് ഈ മരണങ്ങള്‍ സംഭവിച്ചത്. ഒരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ചെന്നൈ അടക്കം 6 ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. 20 വിമാന സർവിസ് റദ്ദാക്കി. ഇന്ന് രാത്രി വരെ ചെന്നൈ വിമാനത്താവളം അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കും നെടുങ്കുണ്ട്രം തടാകത്തിനും സമീപം മുതലയെ കണ്ടെത്തിയതായി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

രാത്രി പെയ്ത മഴയില്‍ ചെന്നൈ നഗരത്തിന്റെ പ്രധാനമേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനജീവിതം ദുഃസഹമായി. വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടങ്ങളിലും വീടുകളിലും വെള്ളം കയറി. ഇതേതുടര്‍ന്ന്, അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. സബ് വേകളും അടിപ്പാലങ്ങളും വെള്ളത്തില്‍ മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചു. മറീനയിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡ് കെട്ടി അടച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ്ങ് ചുഴലിക്കാറ്റിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നത്. തമിഴ്നാട്ടിലും മറ്റു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 5 വരെ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Logo
X
Top