തിരുവനന്തപുരം ജില്ലയിൽ നാളെ അവധി, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. മഴ കനത്തതോടെ ജില്ലയിൽ 21 ദുരാതശ്വാസ ക്യാമ്പുകൾ തുറന്നു. ഇതു വരെ 875 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു.
ജില്ലയിൽ ആറ് വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. ക്വാറി, മൈനിംഗ് പ്രവർത്തനങ്ങൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
അതേ സമയം; സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നാളെ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here