ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറുമെന്നാണ് അറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം പാലിക്കണം.

ചക്രവാതച്ചുഴി പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നിങ്ങി മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ നാളെയോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 3 – 4 ദിവസം വ്യാപകമായ മഴക്ക്‌ സാധ്യതയുണ്ട്. നവംബർ 7 മുതൽ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പുണ്ട്. ഇന്ന് തെക്ക് കിഴക്കൻ അറബിക്കടലിനും, അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top