കലിതുള്ളി മഴ; ഉത്തരേന്ത്യയിൽ 19 മരണം, ഹിമാചലിൽ പ്രളയവും മണ്ണിടിച്ചിലും

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആകെയുലഞ്ഞ് ഉത്തരേന്ത്യ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ മഴക്കെടുതിയില്‍ 19 മരണങ്ങളാണ് ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വരും ദിവസവും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രളയത്തിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ട ഹിമാചല്‍ പ്രദേശിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കനത്ത മണ്ണിടിച്ചിലില്‍ വീടുകളടക്കം കെട്ടിടങ്ങള്‍ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ ഹിമാചലില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് ചെയ്തു. ഹിമാചലിൽ കാലവർഷം തുടങ്ങിയ ജൂൺ 24 മുതൽ ഇന്നേവരേയ്ക്കും 24 മിന്നൽപ്രളയങ്ങളും ൨൯ ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്തു.
പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ യമുനാനദിയും സത്‌ലജ് നദിയുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ദില്ലി യമുന നദിയിലെ ജലനിരപ്പ് അപകടമാംവിധം ഉയർന്നിട്ടുണ്ട്. 203.62മീറ്ററിന് മുകളിൽ ജലനിരപ്പ് ഉയർന്നതോടെ ദില്ലി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി പഞ്ചാബിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്.
ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ 27 മലയാളികള്‍ സുരക്ഷിതരാണെന്നാണ് വിവരം. കൊച്ചി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണ് ഹിമാചലില്‍ കുടുങ്ങി കിടക്കുന്നത്. ഡല്‍ഹി കേരള ഹൗസ് അധികൃതരുമായി വിദ്യാര്‍ത്ഥികള്‍ സംസാരിച്ചെന്നും ഹിമാചലില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിവരമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here