ഇടുക്കിയിൽ ‘ദുരിതപ്പെയ്ത്ത്’; രണ്ടിടത്ത് ഉരുൾപ്പൊട്ടൽ; ഒരു മരണം

ഇടുക്കി: ശക്തമായ മഴ തുടരുന്ന ഇടുക്കിയിൽ വ്യാപക നാശനഷ്ടം. ചേരിയാറിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.വീടിനുള്ളിൽ റോയ് കിടന്നുറങ്ങുകയായിരുന്നു. ഈ സമയം മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.

ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിലും കള്ളിപാറയിലും ഉരുൾപ്പൊട്ടി. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഏക്കർ കണക്കിന് കൃഷിയിടം ഒലിച്ചുപോയി. ദളം ഭാഗം പൂർണമായി ഒറ്റപ്പെട്ടു. റോഡ് ഗതാഗതവും വൈദ്യുത ബന്ധവും നിലച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ട് ചുരത്തിലാണ് ഗതാഗതം തടസപ്പെട്ടത്.

അതേസമയം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top