മഴ ശക്തം; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി ഏഴു മണിക്ക് തുടങ്ങിയ മഴ പത്ത് മണിക്കൂറിൽ അധികമായി നിലയ്ക്കാതെ പെയ്തു. തലസ്ഥാനത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് നെയ്യാറ്റിന്‍കരയിലാണ്. കഴക്കൂട്ടം ടെക്നോപാര്‍ക്ക് ഫെയ്സ് 3യില്‍ തെറ്റിയാർ കരകവിഞ്ഞതുകൊണ്ട് വെള്ളക്കെട്ട് രൂക്ഷമാണ്. രാവിലെ ഫയർഫോഴ്‌സ് ബോട്ടിലെത്തിയാണ് കുടുങ്ങി കിടക്കുന്ന കുട്ടികളെയും ജീവനക്കാരെയും വീടുകളിൽ നിന്നൊഴിപ്പിച്ചത്. ചാക്കയിലും വെള്ളക്കെട്ട് രൂക്ഷമാണ്. റോഡിൽ പല വാഹനങ്ങളും നിലച്ച അവസ്ഥയിലാണ്.
തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തൻകോട് കരൂർ 7 വീടുകളിൽ വെള്ളം കയറി. അതുപോലെ തീരമേഖലകളിലും വെളളം കയറി ജനങ്ങൾ ദുരിതത്തിലാണ്. അഞ്ചുതെങ്ങ് വെള്ളത്തിനടിയിലായ അവസ്ഥയിലാണ്.
കനത്ത മഴയെ തുടർന്ന് വാഴച്ചാൽ മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞു. ഇന്നലെ രാത്രിയാണ് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞത്. ഇതിനെ തുടർന്ന് മലക്കപ്പാറ റേഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ധാരണ. വൈകിട്ട് 3.30 ഓടെ അതിരപ്പിള്ളി, മലക്കപ്പാറ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയുമെന്നും അറിയിപ്പുണ്ട്.
അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ഇന്നലെ പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വൈകുന്നേരത്തോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഒക്ടോബർ 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പറിയിച്ചു. തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here