ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു; പെരിങ്ങല്‍ക്കുത്ത് ഡാം ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിര്‍ദേശം

അതിതീവ്ര മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാം ഷട്ടറുകൾ തുറന്നു. ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് പുലർച്ചെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ ഉയർത്തുമെന്നും അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 90 സെ.മീ ആക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. രാവിലെ ഒമ്പതിനാണ് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇടുക്കി കല്ലാർകുട്ടി ഡാമിന്‍റെ 3 ഷട്ടറുകളും ഉയർത്തി. ഇവിടെയുള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ശക്തമായ കാറ്റിനെ തുടർന്ന് കോട്ടയം കുമ്മനത്തെ ക്ഷേത്ര പരിസരത്ത് മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റൻ മരമാണ് കടപുഴകി വീണത്. പെരിയാറിൽ ജലനിരപ്പ് കൂടിയതോടെ തിങ്കളാഴ്ച വൈകീട്ടോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെ നീരൊഴുക്ക് ശക്തിയായതോടെയാണ് 15 ഷട്ടറുകളും ഉയർത്തിയത്. നടുഭാഗത്തെ നാല് ഷട്ടറുകൾ 5 മീറ്റർ വീതവും മറ്റ് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവുമാണ് ഉയർത്തിയത്. അതിതീവ്ര മഴ തുടരുന്നതിനാല്‍ കടുത്ത ദുരിതമാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here