താമരശ്ശേരി ചുരത്തിലെ കുരുക്കഴിയുന്നു, നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തത് ഗതാഗതക്കുരുക്കിന് കാരണം
താമരശ്ശേരി: വയനാട് താമരശ്ശേരി ചുരത്തിലെ കുരുക്കഴിയുന്നു. ശനിയാഴ്ച മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്കാണ് പതിയെ മാറുന്നത്. നവരാത്രി ആഘോഷിക്കാന്‍ ബംഗളൂരില്‍ നിന്നും മറ്റും മലയാളികള്‍ കേരളത്തിലേക്കും വയനാട്ടിലേക്കും, ദസറയ്ക്കായി മൈസൂരുവിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതോടെയാണ് യാത്രാക്കുരുക്ക് അതിരൂക്ഷമായത്. ഇതിന്നിടയില്‍ ഒരു ലോറി ചുരത്തില്‍ കുടുങ്ങിയത് പ്രതിസന്ധി വര്‍ധിപ്പിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് ലോറി ചുരത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റിയത്. ശനിയാഴ്ച മുതൽ വാഹനങ്ങൾ ചുരത്തിൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു. എട്ടാം വളവിലാണ് കൂടുതലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
വയനാട്ടിലേക്ക് യാത്ര പോവുന്നവർ ആഹാരവും വെള്ളവും വണ്ടിയിൽ ആവശ്യത്തിന് ഇന്ധനവും സൂക്ഷിക്കണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മൈസൂരുവിൽ ദസറ ആഘോഷം നടക്കുന്നതിനാൽ തിരക്കിനിയും കൂടാനാണ് സാധ്യത. വയനാട്ടിലേക്കുള്ള യാത്രക്കാർ കുറ്റ്യാടി പാൽചുരവും, നിലമ്പൂർ ചുരവും ഉപയോഗപ്പെടുത്തിയാൽ തിരക്കൊഴിവാക്കാൻ സാധിക്കും.
വയനാട് ചുരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തത് ഗതാഗത കുരുക്കിന് കാരണമാണ്. ചുരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പോലീസുകാരെ ചുരത്തിന്റെ പല ഭാഗങ്ങളിൽ വിന്യസിപ്പിച്ചു കൊണ്ട് വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നത് കാലങ്ങളായി മുടങ്ങി കിടക്കുകയാണ്. രാത്രി കാലങ്ങളിൽ മാത്രമേ ചരക്കു ലോറികൾക്ക് ചുരത്തിലൂടെ ഗതാഗതം അനുവദിച്ചിട്ടുള്ളു. ഇതൊന്നും കൃത്യമായി പാലിക്കപ്പെടാത്തതു കൊണ്ടു കൂടിയാണ് താമരശ്ശേരി ചുരത്തിൽ ഇത്രയേറെ കുരുക്ക്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here