പാലായില്‍ ഇടതിന് വന്‍ തിരിച്ചടി; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നഷ്ടമായി; തിരിച്ചടിച്ചത് എയര്‍പോഡ് മോഷണം
കോട്ടയം: പാലാ നഗരസഭയില്‍ ഇടതുമുന്നണിക്ക് വന്‍ തിരിച്ചടി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നഷ്ടമായി. ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍ കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കമാണ് സ്ഥാനനഷ്ടത്തിന് വഴിവെച്ചത്. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന്റെ ലിസിക്കുട്ടി മാത്യു തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് ചീരങ്കുഴിയാണ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. സിപിഎം പാര്‍ലമെന്റ്റി പാര്‍ട്ടി നേതാവായ ബിനു പുളിക്കക്കണ്ടത്തിനെതിരെ ജോസ് എയര്‍പോഡ് മോഷണത്തിന് കേസ് കൊടുത്തിരുന്നു. ഇത് വിവാദമായി തുടരുകയാണ്.
ബിനു മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി ഇടതുമുന്നണി ജില്ലാ നേതൃത്വം നിരന്തരം ബന്ധപ്പെട്ടെങ്കിലും വിപ്പ് നല്‍കാന്‍ കഴിഞ്ഞില്ല. ഇടതുമുന്നണിക്ക് അപ്രതീക്ഷിത പ്രഹരം നല്‍കി മറ്റൊരു കൗണ്‍സിലറായ ഷീബ ജിയോയും മുങ്ങി. ഇരുവരും വിപ്പ് സ്വീകരിച്ചില്ല. ഇതോടുകൂടി ആരോഗ്യസ്ഥിരം സമിതിയില്‍ ഇടത് പ്രാതിനിധ്യം ജോസ് ചീരങ്കുഴി മാത്രമായി ഒതുങ്ങി. യുഡിഎഫിനും ഒരൊറ്റ കൗണ്‍സിലര്‍ മാത്രം. നറുക്കെടുപ്പില്‍ വിജയം യുഡിഎഫ് കൌണ്‍സിലര്‍ക്കായി. മുന്നണി സ്ഥാനാര്‍ഥിയെ സിപിഎം മനപൂര്‍വം പരാജയപ്പെടുത്തി എന്ന ആരോപണം നേരിടാന്‍ കോട്ടയത്തെ സിപിഎം നേതാക്കള്‍ക്ക് കഴിയുന്നില്ല. പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ തന്നെ പാരവെച്ച് മുന്നണി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി എന്ന ആക്ഷേപമാണ് സിപിഎമ്മിന് കേള്‍ക്കേണ്ടി വരുന്നത്.
“കേരള കോണ്‍ഗ്രസിന് നിശ്ചയമായും ലഭിക്കേണ്ടിയിരുന്ന ചെയര്‍മാന്‍ സ്ഥാനമാണ് നഷ്ടമായത്. തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ എന്നെ ബിനു ബന്ധപ്പെട്ട് എയര്‍പോഡ് മോഷണക്കേസ് പിന്‍വലിച്ചാന്‍ വോട്ട് ചെയ്യാനെത്തും എന്ന് പറഞ്ഞിരുന്നു. ഞാന്‍ കേസ് പിന്‍വലിക്കാന്‍ പോയില്ല. ബിനുവും ഷീബയും വോട്ട് ചെയ്യാനെത്തിയില്ല. ഞാന്‍ പരാജയപ്പെട്ടു. ബാക്കി എല്ലാം ഇടതുമുന്നണി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. മുന്നണി സ്ഥാനാര്‍ഥിയെയാണ് പാരവെച്ച് പരാജയപ്പെടുത്തിയത്. എന്റെ എയര്‍പോഡ് ഇപ്പോഴുള്ളത് ലണ്ടന്‍ മാഞ്ചസ്റ്ററിലാണ്. അതിന്റെ വിവരങ്ങള്‍ എല്ലാം പോലീസിന്റെ കയ്യിലുണ്ട്. ആ കേസ് മുന്നോട്ട് കൊണ്ടുപോകും-.”-ജോസ് ചീരങ്കുഴി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“ഞാന്‍ നേരത്തെ അവധി എടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിക്ക് ഞാന്‍ അവധി എഴുതിക്കൊടുത്തിരുന്നു. സ്ഥലത്ത് ഇല്ലാത്തതിനാല്‍ വിപ്പ് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. എയർപോഡ് കേസിന് എന്റെ ഇപ്പോഴത്തെ ഡല്‍ഹി യാത്രയുമായി ബന്ധമില്ല.”ബിനു പുളിക്കക്കണ്ടം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here