ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും; ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ സ്വകാര്യത മാനിച്ച് ചില പേജുകള്‍ ഒഴിവാക്കും

ഗുരുതര പരാമര്‍ശങ്ങളുള്ള 70ലേറെ പേജുകള്‍ ഒഴിവാക്കി ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. അപേക്ഷകരോട് ഇന്ന് വൈകിട്ട് മൂന്നരക്ക് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി പകര്‍പ്പ് നേരില്‍ കൈപ്പറ്റാന്‍ അറിയിച്ച് സാംസ്‌കാരിക വകുപ്പ് കത്തയച്ചിരുന്നു. ലൈംഗീക ആരോപണങ്ങള്‍ ഉന്നയിച്ച ഇരകളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഉദ്ദേശിച്ച് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച പേജുകള്‍ ഒഴിവാക്കി, ബാക്കിയുള്ള 233 പേജുകൾക്ക് മൂന്നുരൂപ നിരക്കിൽ 699 രൂപ ഒടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമയില്‍ ആരോപിക്കപ്പെടുന്ന ലിംഗവിവേചനവും ലൈംഗിക ആക്ഷേപങ്ങളും അടക്കം പരാതികള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മറ്റി മൊഴിയെടുപ്പ് അടക്കം നടപടികളിലെല്ലാം രഹസ്യസ്വഭാവം നിലനിര്‍ത്തിയതിനാല്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇതൊന്നും പുറത്തുവിടരുതെന്ന് കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരാതികളിലൊന്നും വസ്തുതാന്വേഷണം നടത്തിയിട്ടില്ല എന്നതാണ് കാരണമായി പറഞ്ഞത്. പരിഹാര മാര്‍ഗങ്ങള്‍ ക്രോഡീകരിക്കാന്‍ ഇതിലെ നിര്‍ദേശങ്ങള്‍ ഉപയോഗിക്കുക മാത്രമേ ആകാവൂവെന്ന് ആവശ്യപ്പെട്ടത് പ്രകാരം റിപ്പോര്‍ട്ട് പരസ്യമാക്കാതെ സൂക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാലിപ്പോള്‍ വിവരാവകാശ കമ്മിഷന്റെ ഇടപെടലിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇരകളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഉദ്ദേശിച്ച് 70ലധികം പേജുകള്‍ മറയ്ക്കുന്നുണ്ട് എന്നറിയിച്ചാണ് സാംസ്‌കാരിക വകുപ്പ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്ക് മറുപടി കത്തയച്ചിരിക്കുന്നത്. ചില പേജുകള്‍ പൂര്‍ണമായി തന്നെ ഒഴിവാക്കപ്പെടും. ഉദാഹരണത്തിന്, കമ്മിഷന്‍ റിപ്പോര്‍ട്ടിലെ 59 മുതല്‍ 79വരെയുള്ള പേജുകള്‍ അപേക്ഷകര്‍ക്ക് നല്‍കില്ല. ഈ പേജുകളില്‍ ഉള്‍പ്പെട്ട 18 മുതല്‍ 162 വരെയുള്ള പാരഗ്രാഫുകളാണ് ഒറ്റയടിക്ക് ഒഴിവാക്കപ്പെടുക. 81 മുതല്‍ 100 വരെയുള്ള പേജുകളും പുറത്തുവരില്ല. ഒഴിവാക്കാന്‍ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതിന് പുറമെ ചില ഭാഗങ്ങള്‍ വൈറ്റ്‌നര്‍ ഉപയോഗിച്ച് മായ്ച്ച ശേഷം പകര്‍പ്പ് നല്‍കിയാല്‍ മതിയെന്നും സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സിനിമാ ഷൂട്ടിങ് സെറ്റുകളിലെ സമയക്രമം മുതല്‍ ‘കാസ്റ്റിങ് കൗച്ച്’ പോലെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വരെ പരാതികളായി ഹേമ കമ്മറ്റിക്ക് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഒരു കാര്യവും പരിശോധിച്ച് ഉറപ്പാക്കാതെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലപ്പഴക്കവും മറ്റ് പല സാഹചര്യങ്ങളും കൊണ്ട് ഇനി പലതും തെളിവുകള്‍ ശേഖരിച്ച് പരിശോധിച്ച് വസ്തുത തെളിയിക്കാന്‍ നിര്‍വാഹവുമില്ല. പോലീസ് ഇടപെടല്‍ ആവശ്യമുള്ള അതീവ ഗൗരവ സ്വഭാവമുള്ള പരാതികളും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയൊരു കേസോ നടപടികളോ പലര്‍ക്കും താല്‍പര്യമില്ല. ഇതെല്ലാം കൊണ്ടാണ് വസ്തുതാ അന്വേഷണത്തിനായി പോലീസ് ഇടപെടലോ ഒന്നും ജസ്റ്റിസ് ഹേമ ശുപാര്‍ശ ചെയ്യാതിരുന്നത്.

2017ല്‍ കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതോടെയാണ് സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദങ്ങള്‍ ഉയര്‍ന്നത്. ഇതിന്റെ ചുവടുപിടിച്ച് രൂപംകൊണ്ട സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് (Women in Cinema Collective) എന്ന സംഘടന ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി കമ്മിഷനെ നിയോഗിച്ചത്. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകള്‍, അനുബന്ധ സംവിധാനങ്ങളിലെല്ലാം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മുതിര്‍ന്ന താരം ശാരദ, ഐഎഎസില്‍ നിന്ന് വിരമിച്ച കെ.ബി.വത്സല കുമാരി എന്നിവര്‍ ആയിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top