ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും; ക്രിമിനല്‍ കേസ് വേണോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. സെപ്റ്റംബര്‍ പത്തിന് മുമ്പ് റിപ്പോര്‍ട്ട് കൈമാറണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ലൈംഗിക പീഡന ആരോപണങ്ങളില്‍ ക്രിമിനല്‍ കേസെടുക്കേണ്ടതുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹ‍ർജികള്‍ പ്രത്യേക ബെഞ്ചിന് മുന്നിലുണ്ട്. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക.

വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടതോടെയാണ് നാല് വര്‍ഷമായി സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ എത്തിയത്. സ്വകാര്യതയെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി വലിയ ഭാഗം ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇരകളുടെ മൊഴികളില്‍ സര്‍ക്കാര്‍ കേസ് എടുക്കാത്തത് വിവാദമായപ്പോഴാണ് ഹൈക്കോടതി ഇടപെട്ടത്.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ച് രൂപവത്കരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top