ഹേമലത ദൂരദര്‍ശന്‍റെ പടിയിറങ്ങുന്നു; കല്ലും മുള്ളും നിറഞ്ഞതെങ്കിലും പിന്നിട്ട യാത്രയില്‍ അഭിമാനമെന്ന് ഹേമലത

തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട മലയാളം വാര്‍ത്താവായന അവസാനിപ്പിച്ച് ഹേമലത ദൂരദര്‍ശന്‍റെ പടിയിറങ്ങുന്നു. ഇന്ന് വൈകീട്ട് എഴുമണിക്കുള്ള അവസാന ബുള്ളറ്റിന്‍ വായിച്ചാണ് മടക്കം. മലയാളികള്‍ക്ക് ഇതൊരു നഷ്ടസ്മൃതിയാണ്. സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനില്‍ ദിനം പ്രതി പ്രേക്ഷകര്‍ കണ്ട് പരിചയിച്ച മുഖമാണിത്. ഇപ്പോള്‍ അസി.ന്യൂസ് എഡിറ്റര്‍ പാനലിലാണ് ഹേമലത. റീഡര്‍ ആയി തുടങ്ങിയതിനാല്‍ വാര്‍ത്ത വായിച്ച് തന്നെ പടിയിറങ്ങാം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇന്നത്തെ വാര്‍ത്ത തിരഞ്ഞെടുത്തത്.

1985-ല്‍ ദൂരദര്‍ശന്‍ മലയാളം തുടങ്ങിയപ്പോള്‍ രണ്ടാമത് ലൈവ് വാര്‍ത്ത‍യാണ് ഹേമലത വായിച്ചത്. ആദ്യ വാര്‍ത്ത വായിച്ചത് ഹേമലതയുടെ ഭര്‍ത്താവ് ജി.ആര്‍.കണ്ണനാണ്. പ്രോഗ്രാം എക്സിക്യൂട്ടീവായാണ് ദൂരദര്‍ശനില്‍ നിന്നും പിന്നീട് കണ്ണന്‍ വിരമിച്ചത്. ഒരുപാട് ഗൃഹാതുര സ്മൃതികള്‍ ബാക്കിയാക്കി ഹേമലതയും ഇന്ന് പടിയിറങ്ങുകയാണ്.

ഒരു ടെന്‍ഷനുമില്ലാതെയാണ് ദൂരദര്‍ശന്‍ മലയാളത്തിന്റെ ആദ്യ ലൈവ് വാര്‍ത്ത വായിച്ചതെന്ന് ഹേമലത മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “അനായാസം വായിച്ചുവെന്നാണ് അന്ന് ന്യൂസ് എഡിറ്റര്‍ ആയിരുന്ന ചാമിയാരും പറഞ്ഞത്. രണ്ട് പേരാണ് സ്റ്റുഡിയോയില്‍ എനിക്ക് മുന്നിലുള്ളത്. അതുകൊണ്ട് ടെന്‍ഷന്‍ വന്നില്ല. ഇത്രയധികം ആളുകള്‍ കാണുന്നു എന്ന വിചാരവും മനസില്‍ വന്നില്ല.”-ഹേമലത പറയുന്നു.

ദൂരദര്‍ശന്‍ കാലത്തെക്കുറിച്ച് ഹേമലത പറയുന്നത് ഇങ്ങനെ: “വളരെ സന്തോഷത്തോടെ, അഭിമാനത്തോടെയാണ് ഈ പടിയിറക്കം. ലൈവ് ബുള്ളറ്റിനുകളുടെ പൊടിപൂരമായിരുന്നു. എല്ലാം ലൈവ് മാത്രം. എത്രയോ വാര്‍ത്തകള്‍ വായിച്ചു. എത്രയോ അനുഭവങ്ങള്‍. ബര്‍ലിന്‍ മതില്‍ പൊളിച്ച വാര്‍ത്ത, വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ഡേലയുടെ മോചനം. ഇതെല്ലാം ഡിഡിയിലൂടെ മലയാളികളെ അറിയിച്ചു.

കല്ലും മുള്ളുമില്ലാത്ത യാത്രയായിരുന്നില്ല. പക്ഷെ അതെല്ലാം തരണം ചെയ്ത് മുന്നോട്ട് തന്നെ പോയി. പക്ഷെ എത്രയോ നല്ല ഓര്‍മ്മകളും ഒപ്പമുണ്ട്. അസി.ന്യൂസ് എഡിറ്റര്‍ ആയപ്പോള്‍ വാര്‍ത്തകളുടെ എണ്ണം കുറച്ചു. ഞാന്‍ ചെയ്ത പല അഭിമുഖങ്ങളും ഇന്നും സോഷ്യല്‍ മീഡിയകളിലുണ്ട്. അതിലെല്ലാം ഇപ്പോഴും ആളുകള്‍ കമന്റ് ചെയ്യുന്നു. അവരെല്ലാം ഇപ്പോഴും ഓര്‍മ്മിക്കുന്നു. നിറഞ്ഞ സന്തോഷമുണ്ട്.

1984 ഒക്ടോബറിലാണ് ഡിഡി മലയാളത്തിന്റെ ആദ്യ ബാച്ചിനെ തിരഞ്ഞെടുക്കുന്നത്. പിന്നെ പരിശീലനമായിരുന്നു. അന്ന് ഡിഡിക്ക് ന്യൂസ് എഡിറ്റര്‍ പോലുമുണ്ടായിരുന്നില്ല. മായ, അളകനന്ദ, ശ്രീകണ്ഠന്‍നായര്‍, അലക്സാണ്ടര്‍ മാത്യു ഇവരോടെല്ലാം അടുപ്പമുണ്ടായിരുന്നു. പിന്നീട് ഓരോരുത്തരായി ദൂരദര്‍ശന്‍ വിട്ടു. അച്ഛന്‍റെ നാട് കോട്ടയവും അമ്മയുടെ നാട് ചെങ്ങന്നൂരുമായിരുന്നു. അച്ഛന്‍ ദ്വാരകനാഥ്, അമ്മ ശാന്ത. അച്ഛന്‍ കെഎസ്ഇബി ടെക്നിക്കല്‍ ബോര്‍ഡ്‌ മെമ്പര്‍ ആയിരുന്നു. അതിനാല്‍ പല ജില്ലകളിലും താമസിച്ചു. ഒടുവില്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഭര്‍ത്താവ് കണ്ണന്‍ ഒപ്പമുണ്ട്. മകള്‍ പൂര്‍ണിമ എട്ട് വര്‍ഷത്തോളം റേഡിയോ മാംഗോ അവതാരകയായിരുന്നു-ഹേമലത പറയുന്നു.

Logo
X
Top