‘ചെറുപ്പക്കാർ ഒട്ടേറെ ഹെപ്പറ്റൈറ്റിസ് എക്ക് കീഴടങ്ങുന്നു; വേദനാജനകമായ അവസ്ഥ…’ മുന്നറിയിപ്പ് നൽകി ഡോ ഷമീറിന്റെ കുറിപ്പ്
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹെപ്പറ്റൈറ്റിസ് -എ (കരള്‍വീക്കം) ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. മരണ നിരക്കും ഇതിന് അനുസരിച്ച് വര്‍ദ്ധിക്കുകയാണ്. ആരോഗ്യ വകുപ്പ് വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. ജാഗ്രതാ നിര്‍ദേശത്തില്‍ ഒതുങ്ങിയിരിക്കുകയാണ് വകുപ്പിന്റെ പ്രവര്‍ത്തനം. സുരക്ഷിതമല്ലാത്തതും വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഉപയോഗിക്കുന്നവര്‍ക്കാണ് രോഗം പകരുന്നത്. ഇപ്പോള്‍ രോഗം പടരുന്നതിന്റെ ഗൗരവകരമായ സാഹചര്യം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച 25കാരൻ്റെ രോഗവിവരങ്ങള്‍ വ്യക്തമാക്കിയാണ് ഫിസിഷ്യനായ ഡോ വികെ ഷമീര്‍ കുറിപ്പിട്ടത്. “ഇന്നലെ അത്യാഹിത വിഭാഗത്തില്‍ 25 വയസ്സായ ഒരു ചെറുപ്പക്കാരന്‍. നാലഞ്ചു ദിവസത്തെ പനിയും ഛര്‍ദ്ദിയും തുടര്‍ന്ന് ശക്തമായ ക്ഷീണവും, കഴിഞ്ഞ ദിവസം മുതല്‍ പെരുമാറ്റത്തില്‍ വ്യത്യാസം. ടെസ്റ്റുകളില്‍ ഹെപറ്റൈറ്റീസ് എ. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥ. ഇന്നലെ തന്നെ പ്ലാസ്മഫെറെസിസ് തുടങ്ങി. ഇന്ന് രാവിലെ കാണുമ്പോള്‍ വെന്റിലേറ്ററില്‍.
അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച. ഇത് ഒന്നാമത്തെയോ രണ്ടാമത്തെയോ അല്ല. നിരവധി പേര്‍ ഇതിനോടകം ഹെപറ്റൈറ്റീസ് – എക്കു കീഴടങ്ങി കഴിഞ്ഞു. മിക്കവാറും ചെറുപ്പക്കാര്‍, നേരത്തേ ഒരു രോഗവും ഇല്ലാത്തവര്‍. എന്നാല്‍ ഇപ്പോഴും ഇതിനൊരു അന്ത്യം കാണാന്‍ കഴിയുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗത്തില്‍ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേർ ഹെപറ്റൈറ്റീസ് എയെ തുടര്‍ന്ന് അഡ്മിറ്റ് ആകുന്നുണ്ട്. ഇവിടെ അഡ്മിറ്റ് ആകുന്നത് പുറത്തു നിന്ന് റെഫര്‍ ചെയ്തു വരുന്നവരും സങ്കീര്‍ണതകള്‍ ഉള്ളവരും ആകണമല്ലോ. അപ്പോള്‍ സമൂഹത്തിലെ അണുബാധയുടെ എണ്ണം ഊഹിക്കാമല്ലോ” ഡോ ഷമീര്‍ കുറിപ്പില്‍ പറയുന്നു. രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട് മുന്‍കരുതലും ഡോക്ടര്‍ പങ്കുവച്ചിട്ടുണ്ട്. സ്ഥിരമായി പുറത്തുനിന്നു കഴിക്കുന്നവര്‍ മഞ്ഞപ്പിത്തം വരാതിരിക്കാനുളള വാക്സിന്‍ എടുക്കണമെന്നും ഡോ ഷമീര്‍ നിര്‍ദേശിക്കുന്നുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷനിലെ കൊമ്മേരിയിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലുമുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ ആഴ്ചകളില്‍ രോഗബാധ കണ്ടെത്തിയിരുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓണാവധിക്ക് ശേഷം ചിലയിടങ്ങളില്‍ സ്‌കൂള്‍ തുറക്കുന്നത് പോലും മാറ്റിവച്ചു. കൊടുവള്ളി, കൊയിലാണ്ടി നഗരസഭകളിലും കിഴക്കോത്ത്, പേരാമ്പ്ര, ഓമശ്ശേരി, മാവൂര്‍, താമരശ്ശേരി, പനങ്ങാട്, ബാലുശ്ശേരി, നരിക്കുനി, അത്തോളി, തലക്കുളത്തൂര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഹെപറ്റൈറ്റീസ് – എ കേസുകളില്‍ 50 ശതമാനത്തിലധികം മലപ്പുറം കോഴിക്കോട് ജില്ലകളിലാണ്. വിശദമായ പരിശോധന നടത്തേണ്ട സാഹചര്യമാണെന്നാണ് ആരാഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. . ഈ വര്‍ഷം ഒക്ടോബര്‍ 29 വരെ 6123 ഹെപ്പറ്റൈറ്റിസ് എ കേസുകളും 61 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ല്‍ 1,073 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഏഴ് മരണവും ഉണ്ടായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here