ഗോബി മഞ്ചൂരിയന് ഗോവയില്‍ വിലക്ക്; നടപടി ശുചിത്വപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി

സസ്യാഹാരികള്‍ക്കും നോണ്‍വെജ് ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമായ ഗോബി മഞ്ചൂരിയന്‍ ഗോവയില്‍ നിരോധിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സിന്തറ്റിക് നിറങ്ങളുടെ ഉപയോഗവും ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നടപടി. ഗോവയിലെ മാപുസ മുനിസിപ്പാലിറ്റി പരിധിയിലെ സ്റ്റാളുകളിലാണ് ഗോബി മഞ്ചൂരിയൻ നിരോധിച്ചത്.

കഴിഞ്ഞ മാസം ഗോവയിലെ ഒരു ക്ഷേത്ര വിരുന്നില്‍ പങ്കെടുത്തശേഷം, ഗോബി മഞ്ചൂരിയൻ നിരോധിക്കണമെന്ന് മാപുസ മുനിസിപ്പൽ കൗൺസിലര്‍ തരക് അരോൽക്കർ നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യം കൗൺസിലിലെ മറ്റ് അംഗങ്ങൾ അംഗീകരിച്ചതോടെ നിരോധനം ഏര്‍പ്പെടുത്തി. തട്ടുകടകളിലും ചെറുകിട ഹോട്ടലുകളിലും ഇവ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന സോസുകളുടെ കാലപ്പഴക്കമാണ് പ്രധാന പ്രശ്നം. സിന്തറ്റിക് നിറങ്ങളുടെ ഉപയോഗവും വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പാചകം ചെയ്യുന്നതും നിരോധിക്കാനുള്ള കാരണമായി പറയുന്നു.

ചില്ലി ചിക്കനു സമാനമായി കോളി ഫ്ലവര്‍ ഉപയോഗിച്ച് സ്പൈസി സോസുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണ് ഗോബി മഞ്ചൂരിയൻ. എന്നാല്‍ ഈ ഇന്‍ഡോ-ചൈനീസ് വിഭവത്തിന് നിരോധനം ഏർപ്പെടുത്തുന്നത് ഇതാദ്യമല്ല. 2022-ൽ, ശ്രീ ദാമോദർ ക്ഷേത്രത്തിൽ നടന്ന വാസ്കോ സപ്താഹമേളയിൽ ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകൾ നിയന്ത്രിക്കാൻ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ മഡ്ഗാവ് മുനിസിപ്പാലിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പത്തിലധികം സ്റ്റാളുകളിൽ വിഭവം വിൽക്കുന്നതിൽ നിന്ന് ഭക്ഷ്യവകുപ്പ് വിലക്കേർപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top