‘ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ… ‘; ഹിസ്ബുള്ള തലവൻ്റെ വധം ജമ്മു കശ്മീർ തിരഞ്ഞെടുപ്പിലും ചർച്ചയാവുന്നു
ലെബനനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ ജമ്മു കശ്മീരിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി. ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ മെഹബൂബ മൗനം പാലിക്കുകയാണെന്ന് ബിജെപി നേതാവ് കവീന്ദർ ഗുപ്ത. ജമ്മു കശ്മീരിലെ പിഡിപി-ബിജെപി സഖ്യസർക്കാരിൻ്റെ കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്നു ഗുപ്ത.
“ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ മരണത്തിൽ മെഹബൂബ മുഫ്തി വേദനിക്കുന്നു, എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ അവർ മൗനം പാലിച്ചു. ഇത് മുതലക്കണ്ണീരാണ്, കപട സഹതാപമല്ലാതെ മറ്റൊന്നുമല്ല. ആളുകൾക്ക് എല്ലാം മനസ്സിലാകും” – എന്നായിരുന്നു കവിന്ദർ ഗുപ്തയുടെ പ്രതികരണം. ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്റല്ല കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി തൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്.
“ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികളോട് പ്രത്യേകിച്ച് ഹസൻ നസ്‌റല്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളത്തെ എൻ്റെ കാമ്പയിൻ റദ്ദാക്കുന്നു. അപാരമായ ദുഃഖത്തിൻ്റെയും മാതൃകാപരമായ ചെറുത്തുനിൽപ്പിൻ്റെയും ഈ മണിക്കൂറിൽ ഞങ്ങൾ പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നു” – മുഫ്തി എക്‌സിൽ കുറിച്ചിരുന്നു.
മെഹബൂബ മുഫ്തി തിരഞ്ഞെടുപ്പ് നേട്ടത്തിനായി മതപരമായ കാർഡ് ഇറക്കി കളിക്കുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ബിജെപി നേതാവ് അൽതാഫ് താക്കൂർ. യുദ്ധത്തിലെ കൊലപാതകങ്ങളെയും അപലപിക്കുന്നു. തിരഞ്ഞെടുപ്പിൽ മുസ്ലീം സമൂഹത്തിൻ്റെ പിന്തുണ നേടാനാണ് മെഹബൂബ മുഫ്തി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കശ്മീൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 18നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 24 മണ്ഡലങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. സെപ്റ്റംബർ 25 ന് നടന്ന രണ്ടാം ഘട്ടത്തിൽ 26 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പൂർത്തിയാക്കി. ഒക്ടോബർ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ്. 40 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. അടുത്ത മാസം എട്ടിനാണ് ഫലപ്രഖ്യാപനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here