വനിതാ ഹോസ്റ്റലിന്റെ ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി വിറ്റെന്ന് പരാതി; ഒളിക്യാമറ കണ്ടെത്തിയില്ലെന്ന് പോലീസ്; ആശങ്ക, പ്രതിഷേധം

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ശേശാദ്രി റാവു ഗുഡ്‌ലല്ലേരു എൻജിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറകൾ കണ്ടെത്തിയതിനെ തുടർന്ന് വ്യാപക പ്രതിഷേധം. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർഥിനികളുടെ വീഡിയോകൾ രഹസ്യമായി പകർത്തിയെന്നും ദൃശ്യങ്ങൾ കോളേജിലെ വിദ്യാർഥികൾക്ക് വിൽക്കുകയും ചെയ്തുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് വിദ്യാർഥിനികളുടെ ശുചിമുറിയിലെ ഒളിക്യാമറ അടർന്ന് വീണത്. ഇതോടെയാണ് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാത്രി മുഴുവൻ വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ പ്രതിഷേധിച്ചു. സംഭവത്തിൽ, കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർഥി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ ആന്ധ്രപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ”ഒളിക്യാമറ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കും ഉത്തരവാദികളായ ആളുകൾക്കുമെതിരെ കർശന നടപടിയെടുക്കും. ഇത്തരം സംഭവങ്ങൾ കോളേജുകളിൽ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി,” മാനവ വിഭവശേഷി മന്ത്രി നാരാ ലോകേഷ് എക്‌സിൽ കുറിച്ചു.
അതേസമയം, ഒളിക്യാമറയിൽ പകർത്തിയെന്ന് ആരോപിക്കുന്ന വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കൃഷ്ണ ജില്ലാ എസ്പി ഗദ്ദാധർ റാവു പറഞ്ഞു. പോലീസ് അന്വേഷണത്തിൽ ശുചിമുറിയിൽനിന്നും ഒളിക്യാമറകളൊന്നും കണ്ടെത്തിയില്ല. അറസ്റ്റിലായ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും വിദ്യാർത്ഥിനികളുടെയും കോളേജ് സ്റ്റാഫുകളുടെയും മുന്നിൽവച്ച് പരിശോധിച്ചു. വീഡിയോകളൊന്നും അതിൽ കണ്ടെത്തിയില്ലെന്നും പെൺകുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here