തദ്ദേശ സ്ഥാപനങ്ങളുടെ പണത്തില്‍ വേണ്ട നവകേരള സദസ്; സര്‍ക്കര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : നവകേരളസദസിന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു പണം പിരിക്കരുതെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലെ നിയമങ്ങളെല്ലാം മറികടന്നുള്ളതാണെന്നും വിധിച്ചു. മുന്‍സിപ്പാലിറ്റി ആക്റ്റ് മറികടന്നുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റി ചെലവഴിക്കണമെന്ന് നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയതും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മുനിസിപ്പല്‍ കൗണ്‍സില്‍ നിയമപ്രകാരം തീരുമാനമെടുത്താല്‍ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന ഫണ്ടില്‍ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് സര്‍ക്കാറിന് തിരിച്ചടിയായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പണം അനുവദിക്കണമെന്നായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. 50000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെ അനുവദിക്കണമെന്നായിരുന്നു ഉത്തരവ്. ജില്ലാ പഞ്ചായത്തുകള്‍ മൂന്ന് ലക്ഷം, കോര്‍പ്പറേഷനുകള്‍ രണ്ട് ലക്ഷം, ബ്ലോക്ക് പഞ്ചായത്ത്,മുന്‍സിപ്പാലിറ്റികള്‍ ഒരു ലക്ഷം, പഞ്ചായത്തുകള്‍ അന്‍പതിനായിരും എന്നിങ്ങനെ നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഈ തുക അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഭരണസമിതി തീരുമാനമില്ലാതെ തന്നെ പണം അനുവദിച്ചിരുന്നു. ഇതേതുടര്‍ന്ന് പറവൂര്‍ മുന്‍സിപ്പാലിറ്റി ഭരണസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top