സര്‍ക്കാര്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം; ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

സിനിമാ മേഖലയിലെ സ്ത്രീകളുടെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റിപ്പോര്‍ട്ട് ലഭിച്ച് മൂന്ന് വര്‍ഷമായിട്ടും ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ഞെട്ടിക്കുന്ന നടപടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2021ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇതില്‍ നടപടിയുണ്ടാകാത്തത് ശരിയായ നടപടിയല്ല. രാജ്യത്തെ നിയമം അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണം. പൂര്‍ണ്ണ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറണം. വിശദമായി മൊഴികള്‍ പരിശോധിച്ച് അന്വേഷണം വേണം. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അന്വഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളില്‍ തിടുക്കം ആവശ്യമില്ല, എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം എഫ്‌ഐആര്‍ വേണോ എന്ന് തീരുമാനിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

റിപ്പോര്‍ട്ടില്‍ ബലാത്സംഗം, പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതയുണ്ട്. എന്നിട്ടും കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സര്‍ക്കാര്‍ വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപടികള്‍ അറിഞ്ഞ ശേഷം നിലപാട് വ്യക്തമാക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക ബെഞ്ചാണ് അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്.

കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറു ഹര്‍ജികള്‍ പരിഗണിക്കാനാണ് ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്.സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top