കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി; ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയെന്ന് മന്ത്രി ബിന്ദു

കൊച്ചി : കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വന്തം നിലയില്‍ സെനറ്റംഗങ്ങളെ നിയമിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി റദ്ദാക്കി ഹൈക്കോടതി. തങ്ങളെ പരിഗണിച്ചില്ലെന്ന് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരുടെ ഭാഗം കൂടി കേട്ട ശേഷം ആറാഴ്ചയ്ക്കുള്ളില്‍ നിയമനം നടത്താന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധികളുടെ നിയമനം സംബന്ധിച്ചാണ് തര്‍ക്കം. എട്ട് അംഗങ്ങളുടെ പട്ടിക സര്‍ക്കാര്‍ നല്‍കുകയും അതില്‍ നാലുപേരെ ഗവര്‍ണര്‍ നിയമിക്കുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ സര്‍ക്കാരിന്റെ നോമിനേഷന്‍ പരിഗണിക്കാതെ ഗവര്‍ണര്‍ എബിവിപി പ്രവര്‍ത്തകരായ നാലുപേരെ നിയമിച്ചു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. കലാകായിക രംഗത്ത് മികവ് പുലര്‍ത്തിയവരേയും ഉന്നത വിദ്യാഭ്യാസ നിലവാരമുളളവരേയുമാണ് സെനറ്റിലേക്ക് നിയമിക്കേണ്ടത്. എന്നാല്‍ ഇത് പരിഗണിക്കാതെ രാഷ്ട്രീയ നിയമനം നടത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള അധികാരമുണ്ടെന്നായിരുന്നു ഗവര്‍ണര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. നിയമനം ചാന്‍സലറുടെ വിവേചനാധികാരം എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങളാണ് നടക്കുന്നതെന്നും അത്തക്കാര്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here