പോലീസുകാരുടെ മോശം പെരുമാറ്റത്തിന് ഡിജിപിയുടെ ന്യായം; മാനസിക സമ്മര്‍ദ്ദം എല്ലാവർക്കും ഉണ്ടെന്നും അത് ലൈസന്‍സാക്കരുതെന്നും ഹൈക്കോടതി; നിരുപാധികം മാപ്പ് പറയാമെന്ന് ആലത്തൂർ എസ്ഐ

കൊച്ചി: പൊലീസുകാരുടെ മോശം പെരുമാറ്റത്തിനു കാരണം മാനസിക സമ്മര്‍ദ്ദമെന്ന് ഡിജിപി ഹൈക്കോടതിയില്‍. ആലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനോട് എസ്‌ഐ മോശമായി പെരുമാറിയത് സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് മോശം പെരുമാറ്റത്തിന് ഡിജിപി ന്യായീകരണം നല്‍കിയത്. എന്നാല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത് അംഗീകരിച്ചില്ല. തെരുവില്‍ ജോലി എടുക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദ്ദം ഉണ്ടെന്നും അത് മോശമായി പെരുമാറാനുള്ള ലൈസന്‍സ് അല്ലെന്നും കോടതി വ്യക്തമാക്കി.

മോശം പെരുമാറ്റമുണ്ടാകരുതെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ ഗൗരവമായി എടുക്കുന്നില്ല. അതിനാലാണ് 1965 മുതല്‍ ഇതുവരെ പതിനൊന്ന് തവണ സര്‍ക്കുലര്‍ പുറത്തിറക്കേണ്ടി വന്നത്. ഇനിയൊരു സര്‍ക്കുലര്‍ ഇറക്കുന്ന സ്ഥിതിയുണ്ടാകരുത്. പുതിയ സര്‍ക്കുലര്‍ എങ്ങനെ നടപ്പാക്കാമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ആലത്തൂരിലെ സംഭവത്തില്‍ ആരോപണ വിധേയനായ എസ്‌ഐയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും ഡിജിപി അറിയിച്ചു.

ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്ഐ റനീഷും അഭിഭാഷകനായ അഖീബ് സുഹൈലും തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അഭിഭാഷകനോട് മോശമായ പെരുമാറിയ സംഭവത്തില്‍ നിരുപാധികം മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എസ്‌ഐ റെനീഷ് കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. കേസിന്റ ഭാഗമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനുമായി തര്‍ക്കിക്കുന്നതിന്റേയും ഭീഷണിപ്പെടുത്തുന്നതിന്റേയും ദ്യശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകര്‍ പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top