സിസാ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കടതി, സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം : സാങ്കേതിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ സിസ തോമസിന് എതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം വിസി സ്ഥാനം ഏറ്റെടുത്തതിനെതുടര്‍ന്ന്‌ സിസ തോമസിന് എതിരെ സര്‍ക്കാര്‍ തുടങ്ങിയ അച്ചടക്കനടപടിയാണ് റദ്ദാക്കിയത്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാന്‍സലരുടെ ചുമതല ഏറ്റെടുത്തു എന്നതിനാണ് നടപടി. ഇതിന്റെ ഭാഗമായി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും കോടതി റദ്ദാക്കി. കെടിയു മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധു ആക്കിയപ്പോഴാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സിസ തോമസിനെ താല്‍കാലിക വൈസ് ചാന്‍സലര്‍ ആയി നിയമിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയ സമീപിച്ചിരുന്നു. എന്നാല്‍ സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. ഇതിനു ശേഷമാണ് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തു എന്നു ആരോപിച്ചു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സിസാ തോമസ് ട്രിബ്യുണലിനെ സമീപിച്ചെങ്കിലും നടപടികള്‍ തുടരാമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെ റിട്ടയര്‍ ചെയ്യുന്ന ദിവസമാണ് സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. സിസയെ ചാന്‍സലര്‍ നിയമിച്ചത് യൂണിവേഴ്‌സിറ്റി ചട്ടങ്ങളും, യുജിസി ചട്ടങ്ങളും അനുസരിച്ചാണെന്നും അതിനാല്‍ നോട്ടീസിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ല എന്നും കോടതി വിധിച്ചു. നിയമനം സംബന്ധിച്ച് നേരത്തെ ഹൈക്കോടതി പരിഗണിച്ച കേസില്‍ സര്‍ക്കാറും കക്ഷിയായിരുന്നു. അതിനാല്‍ ഒരിക്കല്‍ വിധി കല്‍പ്പിച്ച വിഷയം വീണ്ടും പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top