വിശ്വാസികളെ തോന്നിയ പോലെ പുറത്താക്കാൻ മെത്രാന്മാർക്ക് അധികാരമില്ല; മുൻസിഫ് കോടതി വിധി ശരിവെച്ച് ഹൈക്കോടതി

മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിയെ സഭയിൽ നിന്നോ ഇടവകയിൽ നിന്നോ മുടക്കാനോ പുറത്താക്കാനോ സഭാ മേലധികാരികൾക്ക് അവകാശമില്ലെന്ന മുൻസിഫ് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് സുപ്രധാനമായ വിധി പ്രസ്താവമാണിത്.

എറണാകുളം – പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും യാക്കോബായ അൽമായ ഫോറം പ്രസിഡൻ്റുമായ പോൾ വർഗീസിനെതിരെ ശ്രേഷ്ഠ കാതോലിക്കാ ബാവ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി തളളി. സഭയുടെ മേലധ്യക്ഷനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നിര്യാണത്തിന് ശേഷം മറ്റാരും കക്ഷി ചേരാത്തതിനെ തുടർന്നാണ് അപ്പീൽ തള്ളിയത്.

നിരണം ഭദ്രാസനാധിപൻ ആയിരുന്ന ഡോ. ഗീവർഗീസ് മോർ കൂറീലോസ് 2012ൽ തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ക്രിസ്തുവും ചെഗുവേരയും വിപ്ലവകാരികളാണെന്ന് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിനെയും, ആയുധമെടുത്ത് പോരാടി ശത്രുവിനെ വകവരുത്തുന്ന ചെഗുവേരയേയും തുലനം ചെയ്യുന്നത് വേദവിപരീതമാണെന്ന് പോൾ വർഗീസ് മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മെത്രാനെതിരെ സംസാരിച്ചത് സഭാവിരുദ്ധത ആണെന്ന് ആരോപിച്ചാണ് പോൾ വർഗീസിനെ ശ്രേഷ്ഠ കാതോലിക്കാ ബാവ സഭയിൽ നിന്ന് മുടക്കിയത്.

ഈ നടപടിക്കെതിരെ കാതോലിക്കാ ബാവയുൾപ്പടെ അഞ്ചു പേർക്കെതിരെ പോൾ വർഗീസ് കോലഞ്ചേരി മുൻസിഫ് കോടതിയിൽ അഡ്വ:സാബു തൊഴുപ്പാടൻ മുഖേന ഹർജി നൽകുകയായിരുന്നു. “മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിൻ്റെ ശരീരത്തിലെ അവയവമായി മാറുന്നു. ഒരവയവത്തെ മറ്റൊരു അവയവത്തിന് നീക്കം ചെയ്യാൻ കഴിയില്ല. മാമ്മോദീസ സ്വീകരിച്ച് സഭാംഗമായ വ്യക്തിയെ ആർക്കും മുടക്കാനോ പുറത്താക്കാനോ കഴിയില്ലെന്ന് ബൈബിൾ ഉദ്ധരിച്ചു കൊണ്ട് കോലഞ്ചേരി മുൻസിഫ് കോടതി 2015 ജൂൺ 30 ന് സുപ്രധാനമായ വിധി പുറപ്പെടുവിച്ചു.

മുൻസിഫ് കോടതി വിധിക്കെതിരെ കാതോലിക്കാ ബാവ പെരുമ്പാവൂർ സബ്ബ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും മുൻസിഫ് കോടതി ഉത്തരവ് ശരിവച്ചു. ഇതിനെതിരെ കാതോലിക്കാ ബാവ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ജസ്റ്റിസ് എം എ അബ്ദുൾ ഹക്കിമിൻ്റെ സിംഗിൾ ബഞ്ച് തള്ളുകയും കോലഞ്ചേരി മുൻസിഫ് കോടതി വിധി ശരി വയ്ക്കുകയുമാണ് ഇപ്പോഴുണ്ടായത്.

കാതോലിക്ക ബാവ അന്തരിച്ചതിനെ തുടർന്ന് കാതോലിക്കയുടെ ചുമതല വഹിക്കുന്ന ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും യാക്കോബായ സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലനും കേസിൽ കക്ഷിചേരാൻ തയ്യാറായില്ല. ഈ വിധി ഇന്ത്യയിലെ എല്ലാ സഭകൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ബാധകമാകും. സഭകളുടെയും, ഭരണാധികാരികളുടെയും അധികാര ദുർവിനിയോഗവും ഏകാധിപത്യ പ്രവണതയും നടക്കില്ല എന്നതിനുള്ള വ്യക്തമായ സന്ദേശവും ആകും ഇത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top