‘പോക്‌സോനെറ്റ്’ വിളികളില്‍ നിന്ന് രക്ഷപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ്; ചാനലിന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

വാര്‍ത്ത സംപ്രേക്ഷണം ചെയ്തിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി. ചാനലിനും മാധ്യമപ്രവർത്തകർ അടക്കമുള്ള ജീവനക്കാര്‍ക്കുമെതിരെയുള്ള കേസാണ് റദ്ദാക്കിയത്. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്.

പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് കുറ്റങ്ങള്‍ക്കുപുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, ക്യാമറാമാന്‍ വിപിന്‍ മുരളയിടക്കം ആറ് ജീവനക്കാരെയാണ് പ്രതികളാക്കിയിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്താ പരമ്പര സദുദ്ദേശത്തോടെയാണ് എന്ന സുപ്രധാന നിരീക്ഷണവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദ്‌റുദ്ദീന്‍ നടത്തിയിട്ടുണ്ട്.

2022 നവംബര്‍ മാസം സംപ്രേഷണം ചെയ്ത നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന വാര്‍ത്ത പരമ്പരയാണ് കേസിന് കാരണമായത്. ഒരു ഇരയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ചിത്രീകരിച്ച് സംപ്രേക്ഷം ചെയ്തത് വ്യാജമാണെന്നായിരുന്നു ആരോപണം. അന്ന് സിപിഎമ്മിനൊപ്പം ആയിരുന്ന പിവി അന്‍വറാണ് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത്. കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുള്ളില്‍ എത്തി എസ്എഫ്‌ഐ പ്രതിഷേധിച്ചു. പിന്നാലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റീജ്യണല്‍ എഡിറ്റര്‍ ഷാജഹാന്‍, റിപ്പോര്‍ട്ടർ നൗഫല്‍ ബിന്‍ യൂസഫ് തുടങ്ങി നാലു പേര്‍ക്കെതിരെ കേസ് എടുത്തു. 2023 മാര്‍ച്ച് 5ന് പുലര്‍ച്ചെ കോഴിക്കോട് സിറ്റി പൊലീസ് ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ റെയ്ഡും നടത്തിയിരുന്നു.

ആ കേസിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണവും ഏഷ്യനെറ്റ് ന്യൂസിനെതിരെ ഉണ്ടായി. അതിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് പോക്‌സോനെറ്റ് എന്ന വിളിയായിരുന്നു. നിയമപോരാട്ടത്തിലൂടെ വിശ്വാസ്യത തെളിയിക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസത്തിലാണ് കേരളത്തിലെ നമ്പര്‍വണ്‍ ന്യൂസ് ചാനല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top