അസമയത്തെ വെടിക്കെട്ട്: സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനിക്കാം, സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗീകമായി റദ്ദാക്കി
കൊച്ചി : ആരാധനാലയങ്ങളിലെ വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. അസമയത്തെ വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗികമായി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് പുതിയ ഉത്തരവ്. ഇതില്‍ തീരുമാനമെടുക്കുമ്പോള്‍ സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. രാവിലെ ആറിനും രാത്രി പത്തിനും ഇടയ്ക്ക് വെടിക്കെട്ട് നടത്താന്‍ നിയന്ത്രണമില്ല. എന്നാല്‍ ഇതിനു ശേഷമുള്ള സമയത്തെ വെടിക്കെട്ടിന് ഓരോ ആരാധനാലയങ്ങളില്‍ നിന്നും പ്രത്യേകം അപേക്ഷ വാങ്ങി സര്‍ക്കാര്‍ തീരുമാനമെടുക്കണം. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എല്ലാ കക്ഷികളും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. സിംഗിള്‍ ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീര്‍പ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. അനുമതിയും വേണ്ട രേഖകളുമില്ലാതെ ആരാധനാലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നും വെടിക്കെട്ട് സാധനങ്ങളും പിടിച്ചെടുക്കണെന്ന നിര്‍ദ്ദേശം ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും റദ്ദാക്കി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇത് വ്യക്തികള്‍ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ അപ്പീലിലുണ്ടായിരുന്നത്.
ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നല്‍കി 2005 ല്‍ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടുണ്ട്. 2006 ല്‍ ഇതില്‍ വ്യക്തതയും വരുത്തിയിട്ടുണ്ട. ഹര്‍ജിയിലെ ആവശ്യങ്ങളേക്കാള്‍ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭാഗീകമായി റദ്ദാക്കിയത്. സര്‍ക്കാറിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പാണ് ഹജരായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here