‘രാജ്യവിരുദ്ധ’ സ്കിറ്റിന് ഹൈക്കോടതി വേദിയായി; അസി. റജിസ്ട്രാറുടെ കസേരതെറിച്ചു; റിപബ്ലിക് ദിനപരിപാടിക്കെതിരെ പരാതിപ്രവാഹം

കൊച്ചി: റിപബ്ലിക് ദിന പരിപാടികളുടെ ഭാഗമായി ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച സ്കിറ്റ് രാജ്യവിരുദ്ധമായെന്നും പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് ആയെന്നുമുള്ള പരാതിയിൽ കർശനനടപടി. അസിസ്റ്റൻ്റ് റജിസ്ട്രാർ (ഹയർ ഗ്രേഡ്) ടി.എ.സുധീഷ്, കോർട്ട് കീപ്പർ (ഹയർ ഗ്രേഡ്) പി.എം.സുധീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. ചീഫ് ജസ്റ്റിസിൻ്റെ നിർദേശപ്രകാരം റജിസ്ട്രാർ ജനറൽ പി.കൃഷ്ണകുമാറാണ് റിപബ്ലിക് ദിനത്തിൽ തന്നെ രാത്രി വൈകി ഉത്തരവിറക്കിയത്.

ഇന്നലെ രാവിലെയാണ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ജീവനക്കാരുടെ കലാപരിപാടികൾ അരങ്ങേറിയത്. ഇതിൽ ഉൾപ്പെട്ട സ്കിറ്റാണ് വിവാദത്തിൽപെട്ടത്. കേന്ദ്രസർക്കാരിൻ്റെ നയപരിപാടികളെയും പ്രധാനമന്ത്രിയെയും അവഹേളിക്കുന്നതാണ് ഉള്ളടക്കമെന്ന് ആരോപിച്ച് ലീഗൽ സെൽ, ഭാരതീയ അഭിഭാഷക പരിഷത്ത് എന്നീ സംഘടനകളാണ് രംഗത്തെത്തിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി തുടങ്ങിയവർക്കെല്ലാം വൈകിട്ടോടെ തന്നെ ഇവർ പരാതി അയച്ചു. തുടർന്നാണ് രാത്രി തന്നെ നടപടി തീരുമാനിച്ച് ഉത്തരവിറങ്ങിയത്.

കേന്ദ്രസർക്കാരിൻ്റെ അഭിമാനപദ്ധതികളായ ആസാദി കാ അമൃത് മഹോത്സവ്, ജൽജീവൻ മിഷൻ തുടങ്ങിയയെല്ലാം പരോക്ഷമായി ആക്ഷേപിച്ചു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം . പിന്നിൽ പ്രവർത്തിച്ചവരുടെ രാഷ്ട്രിയലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു പരിപാടിയിലെ സംഭാഷണങ്ങൾ. ഭരണഘടനാസ്ഥാപനമായ ഹൈക്കോടതിയെ ഇത്തരം ആക്ഷേപകരമായ പ്രവൃത്തിക്ക് വേദിയാക്കിയത് ബോധപൂർവമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ടവർക്കെതിരെ തുടരന്വേഷണത്തിന് ഹൈക്കോടതിയിലെ വിജിലൻസ് റജിസ്ട്രാറെ ചുമതലപ്പെടുത്തി. എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പരാതിക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഉടനടി വിശദീകരണം നൽകാൻ ഭരണവിഭാഗം റജിസ്ട്രാറോടും നിർദേശിച്ചിട്ടുണ്ട്.

Logo
X
Top