നടി ആക്രമണക്കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന പരാതിയിൽ വ്യക്തത വരുന്നു; ജില്ലാ കോടതിയുടെ അന്വേഷണ റിപ്പോർട്ട് അതിജീവിതക്ക് നൽകാൻ ഹൈക്കോടതി; ഉള്ളടക്കം കോടതിക്കും നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന പരാതിയിലെ വസ്തുതാന്വേഷണ റിപ്പോർട്ട് അതിജീവിതക്ക് അനുവദിക്കാൻ ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി കൂടിയായ ജില്ലാ കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് നല്‍കേണ്ടത്. ഇതോടെ ഈ അന്വേഷണത്തിലെ വസ്തുതയും അതിജീവിതയ്ക്ക് അറിയാനാകും. അതിജീവിതയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെയാണ് കോടതി സമയം കഴിഞ്ഞും ഉപയോഗിക്കപ്പെട്ടത് എന്ന് വ്യക്തമായിരിക്കെ ഇപ്പോഴത്തെ ഹൈക്കോടതി തീരുമാനം അതീവ നിർണായകമാകും.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നൽകുന്നതിനെ എട്ടാം പ്രതി കൂടിയായ നടന്‍ ദിലീപ് എതിര്‍ത്തിരുന്നു. നടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കരുതെന്നും തനിക്ക് പകര്‍പ്പ് നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് രണ്ടും കോടതി തള്ളി. ഈ വിഷയത്തിൽ അന്വേഷണം ആവശ്യമാണെന്ന് അതിജീവിതയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ജില്ലാ കോടതിയെ അന്വേഷണത്തിന് നിയോഗിച്ചത്.

ഹൈക്കോടതി വിധി ജില്ലാ കോടതിയുടെ നിലപാടിനും തിരിച്ചടിയാണ്. റിപ്പോർട്ടിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചെങ്കിലും റിപ്പോര്‍ട്ടിനു രഹസ്യസ്വഭാവമുണ്ടെന്നും അതിനാല്‍ നല്‍കാനാവില്ല എന്നുമായിരുന്നു കോടതി നിലപാട്.

തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. കോടതി സമയത്തിനപ്പുറത്തു പല സമയങ്ങളിലായാണു മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത് എന്നും രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്നും ആണ് ലാബിലെ പരിശോധനയിൽ കണ്ടെത്തിയത്. ഇതിൻ്റെയും അടിസ്ഥാനത്തിലാണ് ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷണം പൂർത്തീകരിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതിക്കു കൈമാറിയത്.

മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയെന്നായിരുന്നു ഫോറന്‍സിക് കണ്ടെത്തല്‍. വിവോ ഫോണില്‍ കാര്‍ഡ് ഇട്ടപ്പോള്‍ 34 ഓളം ഫയലുകളോ ഫോള്‍ഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സാധാരണ നിലയില്‍ 2 മിനിറ്റ് മതി മെമ്മറി കാര്‍ഡ് കോപ്പി ചെയ്യാന്‍ എന്നാല്‍ 35 മിനിറ്റോളമാണ് ഈ മെമ്മറി കാര്‍ഡ് ഫോണിലുണ്ടായിരുന്നതെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ വസ്തുതാ അന്വേഷണം ജനുവരി 7നകം പൂര്‍ത്തിയാക്കി ക്രിമിനല്‍ നടപടി പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജനുവരിയിൽ തന്നെ ഈ അന്വേഷണം പൂർത്തിയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top