മതില്‍ പൊളിക്കരുത്, കുട്ടികളെ ഇറക്കരുത്, പണം പിരിക്കരുത്; നവകേരള സദസ് ഹൈക്കോടതിയില്‍ നിന്നും നേരിട്ട തിരിച്ചടികള്‍
തിരുവനന്തപുരം : നവകേരള സദസ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ സമാപന ജില്ലയായ തിരുവനന്തപുരത്തേക്ക് നവകേരള സദസ് കടക്കും. നവംബര്‍ 18ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച നവകേരള സദസിനൊപ്പം വിവാദങ്ങളും ഏറെയാണ് സഞ്ചരിച്ചത്. ഹൈക്കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടികളും നവകേരള സദസ് ഏറ്റുവാങ്ങി. പണം പിരിക്കലില്‍ തുടങ്ങി ക്ഷേത്ര മൈതാനിയില്‍ പരിപാടി നടത്തുന്നതില്‍ വരെ ഹൈക്കോടതി ഇടപെടലുണ്ടായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിപാടിയുടെ ഭാഗമാക്കരുതെന്നതായിരുന്നു ഹൈക്കോടതിയുടെ പ്രധാനമായ മറ്റൊരു ഉത്തരവ്.
നവകേരള സദസ് ആരംഭിച്ചതിനു പിന്നാലെ ഹൈക്കടതിയുടെ ആദ്യ ഇടപെടല്‍ സ്‌കൂള്‍ ബസുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു. പരിപാടിയിലേക്ക് പൊതുജനങ്ങളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫിന്റെ ഹര്‍ജ്ജിയിലായിരുന്നു കോടതി ഇടപെടല്‍. പിന്നാലെ നവകേരള സദസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് ലംഘിച്ച് കുട്ടികളെ റോഡരികില്‍ നിര്‍ത്തിയതിന് രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് വേദിക്കരികിലേക്ക് കടന്നു ചെല്ലുന്നതിന് സ്‌കൂള്‍ മതിലുകള്‍ പൊളിക്കുന്നതും ഹൈക്കോടതി വിലക്കി. പൊതുവിദ്യാലയങ്ങളിലെ മതിലുകളാണ് ഇത്തരത്തില്‍ പൊളിച്ചത്. സ്‌കൂള്‍ അധികൃതര്‍ തന്നെ മതിലുകള്‍ പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും അതും പൊതുപണമാണെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ മതിലു പൊളിക്കല്‍ വിലക്കിയത്. പരിപാടിയുടെ വേദികളില്‍ 52 എണ്ണം സ്‌കൂളുകളുടേയും കോളേജുകളുടേയും ഗ്രൗണ്ടുകളായിരുന്നു.
ക്ഷേത്ര മൈതാനത്ത് നവകേരള സദസ് സംഘടിപ്പിക്കുന്നതും ഹൈക്കോടതി വിലക്കിയിരുന്നു. കൊല്ലം ചക്കുപള്ളി ക്ഷേത്ര മൈതാനത്ത് പരിപാടി നടത്തുന്നതിനെയാണ് കോടതി വിലക്കിയത്. ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പരിപാടികള്‍ വേണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. പിന്നാലെ ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷത്ര മൈതാനത്ത് നവകേരള സദസിന് അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡ് തീരുമാനവും കോടതി റദ്ദാക്കി. തൃശ്ശൂര്‍ മൃഗശാലയ്ക്ക് സമീപം പരിപാടി നടത്താനുള്ള തീരുമാനവും ഹൈക്കോടതി തടഞ്ഞു.
നവകേരള സദസിനായി പണം കണ്ടെത്തുന്നതില്‍ ഹൈക്കോടതി നടത്തിയ ഇടപെടലുകളാണ് സര്‍ക്കാറിന് വലിയ വെല്ലുവിളിയായത്. തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും പണം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പണം അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഭരണസമിതി തീരുമാനമില്ലാതെ തന്നെ പണം അനുവദിക്കാന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ പറവൂര്‍ മുന്‍സിപ്പാലിറ്റായാണ് ഹൈക്കോടതിയെ സമീപിച്ചതും. അനുകൂല വിധി വാങ്ങിയത്. ഏറ്റവും ഒടുവില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ജില്ലാ കളക്ടര്‍മാര്‍ പണം കണ്ടെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here